ഗ്രീഷ്മയുടെ അടവുകളെ കൈയ്യോടെപൊക്കിയത് പൊലീസിന്റെ പെൺകരുത്ത്

 
IPS

കൂടത്തായിയിലെ ജോളിയെ പൂട്ടിയ തന്ത്രങ്ങൾ പുറത്തെടുത്തു, കാമുകനെ വിഷംകൊണ്ട് കൊന്ന ഗ്രീഷ്മയുടെ അടവുകളെ കൈയ്യോടെപൊക്കിയത് പൊലീസിന്റെ പെൺകരുത്ത് . ഷാരോൺ വധക്കേസിൽ പ്രതിയെ പിടിച്ച് സേനയുടെ മാനംകാത്തത് ഡി. ശിൽപ. ഉത്തരംമുട്ടിക്കുന്ന ശിൽപയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഗ്രീഷ്മയുടെ നുണകൾ.പാറശാലയിലെ ഷാരോൺ രാജിന്റെ കൊലപാതക കേസിലെ അന്വേഷണത്തിൽ പൊലീസിന്റെ വീഴ്ച വ്യാപക വിമർശനങ്ങൾക്ക് വഴിവച്ച ഘട്ടത്തിലാണ് റൂറൽ എസ്‌പി ഡി ശിൽപയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നത്. പാറശാല പൊലീസ് വഴികൾക്ക് അപ്പുറത്തേക്കുള്ള ശിൽപയുടെ
സഞ്ചാരമാണ് മറഞ്ഞിരുന്ന പ്രതിയെ വെളിച്ചത്ത് കൊണ്ടുവന്നത്.അതിന് സഹായകരമായത് ആറുപേരെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കൂടത്തായി ജോളിയെ പൂട്ടിയ തന്ത്രങ്ങളും. കൂടത്തായിയിൽ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി സൈമണിന് കീഴിൽ എഎസ്‌പിയായുണ്ടായിരുന്ന ശിൽപ്പ അതേ തന്ത്രമാണ് ഇവിടെയും പുറത്തെടുത്തത്.


പാറശാല പൊലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഫയലുകൾ നേരിട്ട് പരിശോധിച്ച ശേഷം അഡീഷണൽ എസ്‌പി സുൾഫിക്കറിന്റെയും ഡിവൈഎസ്‌പി ജോൺസണിന്റെയും നേതൃത്വത്തിൽ അന്വേഷണത്തിന് പദ്ധതി തയ്യാറാക്കി. കുറ്റകൃത്യത്തെപ്പറ്റി ഷാരോണിന്റെ മരണമൊഴിയിൽപ്പോലും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ പഴുതടച്ച തെളിവുകൾ സമാഹരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യശ്രമം.

കൂടത്തായിയിലെ പ്രാഥമിക ചോദ്യം ചെയ്യലിൽ സയനൈഡ് എത്തിച്ചുനൽകിയ മാത്യുവിന് മേൽ കൊലപാതകങ്ങൾ ചുമത്താൻ ശ്രമിച്ച ജോളിയെ സംഭവ ദിവസം സ്ഥലത്ത് അയാളുടെ സാന്നിദ്ധ്യമില്ലാതിരുന്നതുൾപ്പെടെയുള്ള തെളിവുകൾ നിരത്തി അടപടലേ പൂട്ടിയ തന്ത്രം പാറശാലക്കേസിൽ ഗ്രീഷ്മയ്ക്കും ഫലിച്ചു.
ഷാരോണിന് കഷായവും ജ്യൂസും മാത്രമാണ് നൽകിയതെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച ഗ്രീഷ്മ ഷാരോണിന്റെയും തന്റെയും ഫോണിൽ നിന്ന് കണ്ടെടുത്ത തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വിങ്ങിപ്പൊട്ടി.

സ്‌ളോ പോയിസണിംഗിനെപ്പറ്റിയും വിവിധ കീടനാശിനികൾ ആന്തരികാവയവങ്ങളെ ബാധിക്കുന്നത് സംബന്ധിച്ചും ഗൂഗിളിൽ താൻ നടത്തിയ ബ്രൌസിംഗുകളുടെ തെളിവുകൾക്ക് മുന്നിൽ ഉത്തരം മുട്ടിയായിരുന്നു കുറ്റസമ്മതം. മൂന്നാം മുറയോ സങ്കീർണമായ നടപടികളോ ഒന്നും കൂടാതെ പൊലീസിന്റെ കൂർമ്മബുദ്ധിയും ശാസ്ത്രീയതെളിവുകളുമാണ് കേസ് തെളിയിക്കാൻ ശിൽപ്പയെയും കൂട്ടരെയും സഹായിച്ചത്.

കൂടത്തായിയ്ക്ക് സമാനമായി തിരുവനന്തപുരം കരമനയിൽ കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കൽ കൊലപാതകത്തിൽ കൊലപാതകക്കുറ്റം ചുമത്തിയതുൾപ്പെടെ കൊലപാതകങ്ങളും ക്രിമിനൽ കേസുകളും അന്വേഷിച്ച അഡീഷണൽ എസ്‌പി സുൾഫിക്കറും. തിരുവനന്തപുരം സിറ്റിയിലും റൂറലിലും അസി. കമ്മിഷണർ, ഡിവൈഎസ്‌പി പദവികളിൽ ഏറെ നാൾ ജോലി ചെയ്തിട്ടുള്ള സുൾഫിക്കറിന് അടുത്തിടെയാണ് അഡീഷണൽ എസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.


മാസങ്ങൾക്ക് മുമ്പ് റൂറൽ എസ്‌പിയായി ചുമതലയേറ്റ ഡി. ശിൽപ്പ കുറ്റാന്വേഷണരംഗത്തും പൊലീസിംഗിലും കാര്യക്ഷമമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയും കൊലക്കേസ് പ്രതിയുമായ പെരുങ്കുഴി വിശാഖം വീട്ടിൽ ശബരീനാഥിനെ ഒരു കോടിരൂപ വിലമതിക്കുന്ന എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതുൾപ്പെടെ നിരവധി കേസുകൾ അന്വേഷിക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ശിൽപ്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ബാംഗ്ലൂർ സ്വദേശിയായ ശിൽപ 2016 ഐപിഎസ് ബാച്ചുകാരിയായാണ്. കാസർകോട്,ആലപ്പുഴ, കോട്ടയം ജില്ലകളിൽ എസ്‌പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട ബോസുമായി ചങ്ങാത്തമുണ്ടാക്കുകയും അയാൾക്കായി കേസൊതുക്കുകയും മാസപ്പടി വാങ്ങുകയും ചെയ്ത ഡിവൈഎസ്‌പിയെയും ഇൻസ്‌പെക്ടറെയും രണ്ട് പോലീസുകാരെയും കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് നൽകിയത് ശിൽപ്പ കോട്ടയം എസ്‌പിയായിരുന്നപ്പോഴാണ്.

പിന്നാലെ ഉന്നത ഇടപെടലിനെ തുടർന്നാണ് ശിൽപ്പയെ തിരുവനന്തപുരം റൂറലിലേക്ക് മാറ്റിയത്. ശിൽപ സ്ഥാനത്ത് തുടർന്നാൽ കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ബോദ്ധ്യമുള്ളവരാണ് അവരെ സ്ഥലം മാറ്റിയതെന്ന് സേനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. കോട്ടയത്ത് പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘത്തെ പുറത്ത് എത്തിക്കുന്നതിലും ശിൽപ നിർണായക ഇടപെടലാണ് നടത്തിയത്.