ലൈബ്രറികളില്ലാതെ പൊതുവിദ്യാലയങ്ങള്‍
Mar 10, 2022, 19:48 IST
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും കാര്യക്ഷമമായി തുറന്നു പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ഇല്ലെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. കോവിഡ് കാലത്തെ അടച്ചിടല്‍ കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ മാനസികോല്ലാസത്തിന് അത്യന്താപേക്ഷിതമായ ലൈബ്രറികള്‍ പൊതുവിദ്യാലയങ്ങളില്‍ കാര്യക്ഷമമല്ല. വായനാ സൗകര്യങ്ങളോ, ലൈബ്രറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ലൈബ്രേറിയന്മാരെയോ നിയമിക്കാതെ സര്‍ക്കാര്‍ ഒഴിച്ചുകളിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. ഇരുപതുമാസത്തോളമായി വീടുകളില്‍ മാത്രം കഴിഞ്ഞു വന്നിരുന്ന കുട്ടികളെ മാനസികാരോഗ്യമുള്ളവരായി മാറ്റിയെടുക്കാന്‍ വായനയും അതിനുള്ള ക്രമീകരണങ്ങളും അത്യന്താപേക്ഷിതമാണ്. എല്ലാം സജ്ജമായിയെന്ന് പറഞ്ഞ് സ്കൂള്‍ അധ്യയനം ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന് ഈ കാര്യത്തില്‍ കടുത്ത വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളിലെ ഒരു അധ്യാപകന് ലൈബ്രറിയുടെ ചുമതല നല്കിയെന്നതൊഴിച്ചാല് ലൈബ്രറിയുടെ പ്രവര്‍ത്തനം കുട്ടികളിലേക്ക് എത്തുന്നുണ്ടോയെന്നത് ചോദ്യചിഹ്നമായി തുടരുകയാണ്. മറ്റ് വിദ്യാഭ്യാസ ഏജന്‍സികളായ സി.ബി.എസ്.സി, ഐ.സി.എസ്.സി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയന്‍ എന്ന തസ്തികയും ജീവനക്കാരുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ രണ്ടായിരത്തോളം ലൈബ്രേറിയന്മാരുടെ തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്നത്. 2001ല്‍ നിയമസഭ അംഗീകരിച്ച ഹയര്‍ സെക്കന്‍ഡറി സെപ്ഷ്യല്‍ റൂള്‍സില്‍ ലൈബ്രേറിയന്‍ തസ്തികളുണ്ട്. എന്നാല്‍ നിയമനം നടക്കണമെങ്കില്‍ ചട്ടമുണ്ടാക്കി നിയമന യോഗ്യതയും മറ്റ് സേവന വ്യവസ്ഥകളും നിര്‍ണയിച്ച് സര്‍ക്കാര്‍ പി.എസ്.സിക്ക് നിയമന ശുപാര്ശന നല്‍കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനുള്ള ശുപാര്‍ശ ഉണ്ടായിട്ടില്ല. 2019ലെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും സ്കൂള്‍ ലൈബ്രറിയെപ്പറ്റിയും ലൈബ്രേറിയന്റെ ആവശ്യകതയെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. തസ്തികളിലേക്ക് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ലൈബ്രറി സയന്‍സ് പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ പല തവണ അപേക്ഷ നല്‍കിയെങ്കിലും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് നിരസിക്കുകയാണുണ്ടായത്. സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കാര്യക്ഷമമായ ലൈബ്രറിയുടെ പൂര്‍ണ്ണമായ സേവനം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ലൈബ്രറികളും ലൈബ്രേറിയനും ആവശ്യമാണ്. എന്നാല്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രമാണ് ലൈബ്രേറിയന്‍ നിയമനം സര്‍ക്കാരുകള്‍ നടത്താത്തത്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കുളുകളില് കലാ, കായിക, ചിത്രരചന, തുന്നല്‍ എന്നിവയ്ക്ക് സ്പെഷ്യല്‍ ടീച്ചേഴ്സിനെ നിയമിക്കുമ്പോഴാണ് കുട്ടികളുടെ പഠന കാര്യത്തിനും സ്വഭാവ രൂപീകരണത്തിനും അത്യന്താപേക്ഷിതമായ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാവാതെ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിന് ലക്ഷങ്ങള്‍ ചില വഴിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ സ്കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയുന്നില്ല. വായനയില്ലാത്ത തലമുറയെ വാര്‍ത്തെടുക്കുന്ന നടപടിയുമായിട്ടാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മുന്നോട്ട് പോകുന്നത്.
