അയ്യപ്പസന്നിധിയുടെ പുണ്യമുദ്രയുമായി ഒരു പോസ്റ്റ് ഓഫീസ്
ശബരിമലയിലെത്തുന്ന ഓരോ ഭക്തന്റെയും മനസ്സിൽ പതിയുന്ന കാഴ്ചകളിലൊന്നാണ് പതിനെട്ടാം പടിയുടെ പുണ്യസ്മരണകൾ പേറുന്ന സന്നിധാനം പോസ്റ്റ് ഓഫീസ്. ഭക്തിയും ചരിത്രവും ഒരുപോലെ ഇഴചേർന്ന ഈ തപാൽ സ്ഥാപനം, ആറു പതിറ്റാണ്ടിലേറെയായി അയ്യപ്പഭക്തരുടെ ഓർമകളുടെ ഭാഗമാണ്. സന്നിധാനത്തുനിന്ന് അയക്കുന്ന ഓരോ കത്തിലും പതിയുന്നത് ഒരു തപാൽ മുദ്ര മാത്രമല്ല, അയ്യപ്പസന്നിധിയുടെ പുണ്യസ്മരണ കൂടിയാണ്.
1963ലാണ് സന്നിധാനത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 689713 എന്ന പ്രത്യേക പിൻകോഡും ഈ പോസ്റ്റ് ഓഫീസിനുണ്ട്. 1974ൽ നിലവിൽവന്ന പതിനെട്ടാം പടിയും അതിനു മുകളിൽ വിരാജിക്കുന്ന അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത പ്രത്യേക തപാൽ മുദ്രയാണ് ഇവിടുത്തെ ഏറ്റവും വലിയ ചരിത്രസവിശേഷത. ഇവിടെനിന്ന് അയക്കുന്ന കത്തുകളിലും പോസ്റ്റ്കാർഡുകളിലും ഈ മുദ്ര പതിപ്പിക്കും. ഭക്തർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഒരുപോലെ കൗതുകവും അഭിമാനവുമാണ് ഈ അപൂർവ മുദ്ര.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് സന്നിധാനത്തെത്തുന്ന ഭക്തർ ഈ മുദ്ര പതിപ്പിച്ച പോസ്റ്റ്കാർഡുകൾ സ്വന്തം വിലാസത്തിലേക്കും പ്രിയപ്പെട്ടവർക്കും അയക്കാറുണ്ട്. മകരവിളക്കിനുശേഷം നട അടയ്ക്കുന്നതോടെ മുദ്ര സുരക്ഷിതമായി പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ ഓഫീസിലേക്ക് മാറ്റും. അടുത്ത തീർഥാടനകാലത്താണ് വീണ്ടും സന്നിധാനത്ത് എത്തിക്കുക.

കാലത്തിനൊപ്പം മാറുന്ന സേവനങ്ങളുടെ ഭാഗമായി ഈ മണ്ഡലകാലത്ത് ഭക്തർക്കായി പുതിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന 'സ്വാമി പ്രസാദം' ബുക്കിങ് കൗണ്ടറാണിത്. ദർശനത്തിനുശേഷം അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കൈയിൽ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കി രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റ് വഴി അയക്കാം. പ്രസാദത്തിന്റെ വിലയും തപാൽ നിരക്കും ഒരുമിച്ച് നൽകി കൗണ്ടറിൽ ബുക്ക് ചെയ്യാം. ദേവസ്വം കൗണ്ടറിൽനിന്ന് വാങ്ങിയ പ്രസാദം തപാൽ നിരക്ക് മാത്രം നൽകി അയക്കാനും സൗകര്യമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൗണ്ടർ ഉദ്ഘാടനം ചെയ്തു.
ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത ഭക്തർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റായി ബുക്ക് ചെയ്ത് വീട്ടിലിരുന്ന് അയ്യപ്പപ്രസാദം കൈപ്പറ്റാം.
പ്രസാദ വിതരണത്തിനപ്പുറം സാധാരണ തപാൽ, രജിസ്റ്റേർഡ് തപാൽ, പാഴ്സൽ, മണി ഓർഡർ, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സേവനങ്ങളും സന്നിധാനം പോസ്റ്റ് ഓഫീസ് ലഭ്യമാക്കുന്നുണ്ട്. തീർഥാടകർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്നവർക്കും ഈ സേവനങ്ങൾ ഏറെ പ്രയോജനകരമാണ്.
കത്തുകളിലൂടെ വിശേഷങ്ങളും സ്നേഹവും കൈമാറിയിരുന്ന കാലത്തുനിന്ന് അയ്യപ്പപ്രസാദം സ്പീഡ് പോസ്റ്റിലൂടെ വീടുകളിലെത്തുന്ന പുതിയ കാലത്തേക്കുള്ള യാത്രയിലാണ് സന്നിധാനം പോസ്റ്റ് ഓഫീസ്. സാങ്കേതികവിദ്യയും സേവനങ്ങളും മാറുമ്പോഴും പതിനെട്ടാം പടിയുടെ ചിത്രം പതിഞ്ഞ ആ പഴയ തപാൽ മുദ്രയ്ക്ക് മാറ്റമില്ല. ഓരോ തപാൽ ഉരുപ്പടിയിലൂടെയും അയ്യപ്പസന്നിധിയുടെ പുണ്യസ്മരണകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരിലേക്ക് എത്തുകയാണ്.
