വിലകുറഞ്ഞ മദ്യവും ബിയറും ഒളിപ്പിച്ചുവച്ച് ബെവ്‌കോ ജീവനക്കാര്‍
സംഭവം വിഴിഞ്ഞത്തിനു സമീപത്തെ മുക്കോല ഔട്ട്‌ലെറ്റില്‍
ചോദിച്ചാല്‍ സ്‌റ്റോക്കില്ലെന്ന് മറുപടി, രാത്രിയായാല്‍ ബ്ലാക്കിലേക്ക് മറിച്ചുവില്‍പ്പന
വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ ഉപഭോക്താക്കളോട് പെരുമാറുന്നത് ഗുണ്ടാ സംഘങ്ങളെ പോലെ
സമീപത്തെ ബാറിനെ സഹായിക്കാനാണെന്ന് ആക്ഷേപം
വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ അധികൃതര്‍
തട്ടിപ്പും വെട്ടിപ്പും നടക്കുന്നത് രാത്രി 7നു ശേഷം
ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ വിലകുറഞ്ഞ മദ്യവും ബിയറും ഒളിപ്പിച്ചുവച്ച് ജീവനക്കാര്‍. വിഴിഞ്ഞത്തിനു സമീപത്തെ മുക്കോല ചില്ലറ വില്‍പ്പനശാലയിലാണ് സംഭവം. എല്ലാ ദിവസവും വൈകുന്നേരം ആറുമണിമുതലാണ് ജീവനക്കാരുടെ തട്ടിപ്പും വെട്ടിപ്പും. വേനല്‍ക്കാലമായതിനാല്‍ ബിയറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. ഇതു മനസിലാക്കിയ ജീവനക്കാര്‍ വിലകുറഞ്ഞ ബിയറുകള്‍ ഷോപ്പില്‍ ഡിസ്‌പ്ലെ വയ്ക്കാറില്ല. പകരം വിലകൂടിയ ഹെനിക്കെന്‍ പോലുള്ള ബിയറുകള്‍ മാത്രമേ ഫ്രീസറില്‍ വയ്ക്കാറുള്ളു. മറ്റു ബിയറുകള്‍ ഇല്ലേയെന്നു ചോദിച്ചാല്‍ സ്‌റ്റോക്കില്ലെന്നാകും ഉത്തരം.
തീരദേശത്തു പ്രവര്‍ത്തിക്കുന്ന ഷോപ്പായതിനാല്‍ സാധാരണക്കാരാണ് ഇവിടെ അധികവും മദ്യം വാങ്ങാനെത്തുന്നത്. ഈ അജ്ഞത മുതലെടുത്താണ് ജീവനക്കാരുടെ വെട്ടിപ്പ്. 130ഉം 140ഉം രൂപയ്ക്കുള്ള ബിയര്‍ സ്റ്റോക്കുണ്ടെങ്കിലും ജീവനക്കാര്‍ അത് പുറത്തെടുക്കാറില്ല. പകരം 170 രൂപയ്ക്കു മുകളിലുള്ള ബിയറുകള്‍ മാത്രമേ വൈകുന്നേരത്തിനു ശേഷം വില്‍പ്പനയ്ക്കായി ഡിസ്‌പ്ലെ വയ്ക്കാറുള്ളു. ആരെങ്കിലും ഇതിനെതിരെ സംസാരിച്ചാല്‍ പിന്നെ അയാളെ രാജ്യദ്രോഹിയെന്നു മുദ്രകുത്തുന്ന തരത്തിലാണ് ജീവനക്കാരുടെ പെരുമാറ്റം. അവിടെയുള്ള വനിതാ ജീവനക്കാരാകട്ടെ മദ്യം വാങ്ങാനെത്തുന്നവരോടു പെരുമാറ്റുന്നത് ഗുണ്ടാ സംഘങ്ങളെ പോലെയാണെന്ന പരാതിയുമുണ്ട്.
വര്‍ഷങ്ങളായി മുക്കോല ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇത്തരം വെട്ടിപ്പുകള്‍ നടക്കാറുണ്ടെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഇവിടുത്തെ ജീവനക്കാര്‍ കമ്മിഷന്‍ പറ്റി ബ്ലാക്കിലേക്ക് മദ്യം വില്‍പ്പന നടത്താറുണ്ട്. മാത്രമല്ല കമ്മിഷന്‍ നല്‍കുന്ന കമ്പനികളുടെ മദ്യം മാത്രമേ ഡിസ്‌പ്ലേ വയ്ക്കാറുള്ളുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുക്കോലയിലെ പ്രീമിയം ഔട്ട്‌ലെറ്റില്‍ ബിയര്‍ വാങ്ങാനെത്തിയവര്‍ക്ക് ജീവനക്കാര്‍ അടിച്ചേല്‍പ്പിച്ചത് 170 രൂപയ്ക്കുള്ള ഉത്പന്നമാണ്. ഹെനിക്കെന്‍ ബ്രാന്‍ഡ് മാത്രമാണ് അവര്‍ ഫ്രീസറില്‍ വച്ചിരുന്നത്. മറ്റു ബിയറുകള്‍ ഇല്ലേ എന്നു ചോദിച്ചപ്പോള്‍ സ്‌റ്റോക്കെല്ലാം തീര്‍ന്നെന്നും ഹെനിക്കെന്‍ മാത്രമേ ഉള്ളൂ എന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. എന്നാല്‍ അവിടെ മറ്റു ബിയറുകളും ഉണ്ടായിരുന്നു. കമ്മിഷന്‍ വെട്ടിക്കുന്നതിനും സാധനങ്ങള്‍ തീര്‍ന്നാല്‍ ഫ്രീസറില്‍ കൊണ്ടുവയ്‌ക്കേണ്ട ജോലിഭാരവും കാരണമാണ് ജീവനക്കാര്‍ മറ്റു ബിയറുകള്‍ വില്‍പ്പനയ്ക്കായി വയ്ക്കാത്തത്. ഇതുസംബന്ധിച്ച് ബാലരാമപുരം ബെവ്‌കോയുടെ മാനേജരെ ഉപഭോക്താക്കള്‍ ഫോണില്‍ വിളിച്ചു പരാതി പറഞ്ഞു. അദ്ദേഹത്തിന്റെ പരിശോധനയില്‍ അവിടെ മറ്റു ബിയറുകള്‍ സ്‌റ്റോക്കുണ്ടായിരുന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച് ബെവ്‌കോ ഇന്റേണല്‍ ഓഡിറ്റര്‍ക്കും ഓപ്പറേഷന്‍സ് മാനേജര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
ബിവറേജസ് കോര്‍പ്പറേഷന്റെ കൃത്യമായ പരിശോധന നിലച്ചതാണ് ജീവനക്കാര്‍ക്ക് വെട്ടിപ്പ് നടത്താന്‍ എളുപ്പമായത്. ഇപ്പോഴത്തെ പരിശോധന പേരിനു വേണ്ടി പകല്‍ സമയത്താണ് നടത്താറുള്ളത്. ഇതു മനസിലാക്കിയാണ് ജീവനക്കാര്‍ വെട്ടിപ്പുകള്‍ വൈകുന്നേരമാക്കിയത്. സാധാരണക്കാര്‍ കുറഞ്ഞ മദ്യം തേടിയെത്തുമ്പോള്‍ ജീവനക്കാര്‍ നല്‍കാറില്ല. പലരും മദ്യം വാങ്ങാതെ സമീപത്തെ ഒരു ബാറിലേക്കാണ് പോകാറുള്ളത്. വിലകൂടിയ മദ്യം വാങ്ങുന്ന തുകയ്ക്ക് ബാറില്‍ പോയാല്‍ ടച്ചിംഗ്‌സ് ഉള്‍പ്പെടെ കുറഞ്ഞ മദ്യം അകത്താക്കാമെന്നതാണ് അതിലെ വസ്തുത. മുക്കോല ബെവ്‌കോയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ ബാറും പ്രവര്‍ത്തിക്കുന്നുണ്ട്. വിലകൂടിയ ബിയറും മദ്യവും മാത്രമേ ഇവിടെ ലഭിക്കൂ എന്നു മനസിലാക്കി ഇപ്പോള്‍ പലരും ഈ ബാറുകളിലേക്കാണ് പോകാറുള്ളത്. ഇതിലൂടെ സര്‍ക്കാരിനു പ്രതിമാസം നഷ്ടം ലക്ഷങ്ങളാണ്.
വിലകുറഞ്ഞ മദ്യവും ബിയറും സ്റ്റോക്കുണ്ടായിട്ടും വില്‍പ്പനയ്ക്കായി വയ്ക്കാത്തത് ജീവനക്കാര്‍ ഒരുമിച്ചുള്ള കമ്മിഷന്‍ അടിക്കാനാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വ്യാജ മദ്യവും ബ്ലാക്കില്‍ മദ്യവില്‍പ്പനയും നടക്കാറുണ്ടെന്ന് അടുത്തിടെയാണ് വിജിലന്‍സ് ബെവ്‌കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത. എന്നിട്ടും അതേക്കുറിച്ചു പരിശോധിക്കാനോ കുറ്റക്കാരെ കണ്ടെത്തി കൃത്യമായ നടപടിയെടുക്കാനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതാണ് ഇത്തരം വെട്ടിപ്പുകള്‍ വീണ്ടും തുടരുന്നത്.