അങ്കത്തട്ടിന് ചൂടേറി; പ്രചാരണം ഉച്ചസ്ഥായിലേക്ക്
അശ്വാരൂഢൻ
സ്ഥാനാര്‍ഥി നിർണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് ഉച്ചസ്ഥായിലേക്ക്. ഇടത് -വലത് , എൻഡിഎ മുന്നണിയിലെ മിക്കവാറും സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രചരണ പരിപാടികളാണ് ഇടത്-വലത്-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്. പ്രമുഖരായ പലരേയും ഇത്തവണ മുന്നണികള്‍ സ്ഥാനാര്ഥികളാക്കിയിരിക്കുകയാണ്. ഏതുവിധേനയും ഇടതില്‍ നിന്നു ഭരണം പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണു യുഡിഎഫ്. ഇടതുമുന്നണിയും ശക്തമായിത്തന്നെ രംഗത്തുണ്ട്. ഇത്തവണയും പ്രചരണരംഗത്ത് ഒരുപടി മുന്നില്‍ എല്‍ഡിഎഫ് തന്നെയാണ്. ബിജെപിയും തുടക്കം മോശമാക്കിയില്ല. എന്നാല്‍ യുഡിഎഫിന്റെ തുടക്കം അൽപം പതുക്കെയാണ്.
നഗരസഭയിലെയും ത്രിതല പഞ്ചായത്തുതലങ്ങളിലെയും എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രചരണമാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.
എൽഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നാംഘട്ട പ്രചരണ പരിപാടികള്‍ നടത്തുകയാണിപ്പോള്‍. വീടുവീടാന്തരം കയറി വോട്ടഭ്യർഥനയുമായി സ്ഥാനാർഥികൾ ആദ്യ റൗണ്ട് പൂർത്തിയാകാറായി. സ്ഥാനാർഥിപരിചയ പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രവർത്തകർ പൂർത്തീകരിച്ചു വരുന്നു. ഭൂരിഭാഗം സ്ഥാനാർഥികളും ദീപാവലി ആശംസാ കാർഡുകൾ പുറത്തിറക്കിയിരുന്നു. ഇവ ശനി, ഞായർ ദിവസങ്ങളിൽ എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്തു. അടുത്ത ഘട്ടം സ്ഥാനാർഥിയുടെ അഭ്യർഥന വീടുകളിൽ എത്തിക്കലാണ്. രണ്ടാംഘട്ടമായി മന്ത്രിമാരെ രംഗത്തിറക്കാനാണു പദ്ധതി.
ഇതിനായി മന്ത്രിമാരുടെ തീയതികളും പ്രവര്‍ത്തകര്‍ നേടിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ജില്ലയിലെ തെരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കെടുക്കും. മറ്റുമന്ത്രിമാരും തങ്ങളുടെ തിരക്കുകള്‍ മാറ്റിവച്ച് രണ്ടുദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു രംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ്. ഫെയ്ബുക്കും വാട്ട്സ് ആപ്പും പ്രധാനമായും പ്രചരണായുധമാക്കി മൂന്നു മുന്നണികളും മാറ്റിയിട്ടുണ്ട്. പ്രകടനങ്ങൾക്കും കൂട്ടംകൂടലിനും നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ പ്രചാരണതന്ത്രങ്ങളിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.
പരമാവധി മൂന്നോ നാലോ തവണ വീടുകളിൽ നേരിട്ടെത്തി സ്ഥാനാർഥിതന്നെ നേരിട്ടു വോട്ടു ചോദിക്കുന്നുണ്ട്. ആ പ്രദേശത്തുള്ള ഏതാനും പ്രവർത്തകർ മാത്രമാവും ഒപ്പമുണ്ടാവുക. വിവിധ ജംക്ഷനുകളിൽ നടന്നിരുന്ന സ്വീകരണങ്ങളും ഒഴിവാക്കി.
സ്ഥാനാർഥിക്കൊപ്പം യുവജനസംഘടനകൾ നടത്താറുള്ള ബൈക്ക് റാലികളും ഇത്തവണയില്ല. ത്രിതല പഞ്ചായത്തുതലങ്ങളിലെ വാര്‍ഡ് കണ്‍വെന്‍ഷനുകൾ നടന്നു വരുന്നു. ബിജെപിയും പ്രചരണ പരിപാടിയില്‍ ഒട്ടും പിന്നിലല്ല.
വാര്‍ഡ് കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ഥി പര്യടനവും തകൃതിയായി നടക്കുന്നുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സാമുദായിക സംഘടനകള്‍ക്കു കൂടി ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്.
വിമതശല്യത്തിൽപ്പെട്ട് ഇടത് വലത് മുന്നണികൾ
സ്ഥാനാർഥി പ്രഖ്യാപനത്തിനൊടുവിൽ മുന്നണികൾക്ക് എന്നും തലവേദനയാണ് വിമതന്മാർ. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല. വിമതശല്യത്തിൽപ്പെട്ട് ഇടത് വലത് മുന്നണികൾ തൊന്തരവു പിടിച്ചു തുടങ്ങി. പിടിപി നഗറിൽ എൽഡിഎഫിനും കിണവൂരിൽ യുഡിഎഫിനും തലവേദനയായി സ്വന്തം അണികൾ. മുന്നണികൾ മൂവരും നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മിക്ക വാർഡുകളിലും ചേരിപ്പോരുകളും ഉടലെടുത്തുകഴിഞ്ഞു. കിണവൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസിലെ വിവിധ തലങ്ങളിലെ ഭാരവാഹികൾ രാജിയിൽ കലാശിച്ചിരിക്കയാണ്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ കിണവൂർ വാർഡിൽ സ്ഥാനാർഥി നിർണയസമിതി കെപിസിസി, ഡിസിസി സർക്കുലർ പ്രകാരം വാർഡിൽ നിന്ന് ഉള്ള സ്ഥാനർഥിയെ കണ്ടെത്തിയെങ്കിലും ഉപരിക്കമ്മറ്റി അതെല്ലാം വെട്ടിനിരത്തിയെന്നാണ് ആരോപണം. കെപിസിസി, ഡിസിസി സർക്കുലർ പ്രകാരം മുൻബൂത്ത് പ്രസിഡന്റും നിലവിലെ മണ്ഡലം സെക്രട്ടറിയും ആശ വർക്കറും വാർഡിലെ ആതുരസേവനങ്ങളിലൂടെ ജനമനസുകളിൽ കയറിപ്പറ്റിയ വനിതയെ മത്സരിപ്പിക്കാൻ ഒരേ സ്വരത്തിൽ തീരുമാനിച്ചെങ്കിലും ഉപരികമ്മിറ്റി എല്ലാ മാനദണ്ഡങ്ങളും മാറ്റി ഈ വാർഡിൽ മത്സരിക്കാൻ അയൽ വാർഡുകാരിയായ മഹിളയെ രംഗത്തിറക്കിയതായാണ് ആരോപണം. എൽഡിഎഫിന് പിടിപി നഗർ വാർഡ് തലവേദനയായിത്തീർന്നിരിക്കയാണ്. 2000 മുതൽ തുടർച്ചയായി ഇവിടെനിന്നും മൂന്നു തവണ മത്സരിച്ച് വിജയിക്കുകയും നഗരസഭയുടെ ഡെപ്യൂട്ടി മേയർ വരെ ആകുകയും ചെയ്തയാളിനെ തന്നെ വീണ്ടും പാർട്ടി സ്ഥാനാർത്ഥിയാക്കുക വഴി യുവജനങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കിയതായാണ് എഐവൈഎഫിനുള്ളിലെ മുറുമുറുപ്പ്.
