പോന്നോളൂ ഈ നൂഗ് നൂച്ചിലേക്ക്….. ലോകം ചുരുങ്ങുന്നത് കാണാം….
അശ്വാരൂഢൻ
ലോകത്തിലെ പൂക്കളെയെല്ലാം ഒരു പൂന്തോട്ടത്തിൽ കാണാൻ പറ്റുക… ഇതിലും നയനാന്ദനകരമായ കാഴ്ച വേറെന്തുണ്ട്… തീർന്നില്ല ഈ പൂന്തോട്ടം ചുറ്റിക്കാണാന്‍ ഒരു ദിവസം തികയാതെ വരുക… എന്നിട്ടും കാണാനുള്ള കാഴ്ചകള്‍ ഇനിയും ബാക്കിയെങ്കിലോ….പോന്നോളൂ തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക്. കാഴ്ചയുടെ വസന്തം വിരിയിച്ച് അമ്പരപ്പും അതിശയവും മനോഹാരിതയും നിറഞ്ഞു നില്ക്കുന്ന നൂഗ് നൂച്ച് എന്ന ഉദ്യാനത്തിലേക്ക്. പൂന്തോട്ടം മാത്രമല്ല നൂഗ് നൂച്ച് വില്ലേജിലുള്ളത് ലോകത്തെ 200 ല്‍ അധികം വരുന്ന ഓര്‍ക്കിഡ്, ആന്തൂറിയം ചെടികളും മണ്‍പ്രതിമകളും തായ്ലന്റ് ആനകളുടെ ഷോകളും സാംസ്കാരിക പരിപാടികളും തുടങ്ങി വിവിധങ്ങളായ കാഴ്ചകളാണ് നൂഗ് നൂച്ച് വില്ലേജില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
600 ഏക്കറിലധികമുണ്ട് ഈ വില്ലേജിന്. 1954 ല്‍ കുന്‍പിസിറ്റ്, കുന് നൂഗ്നൂച്ച് തന്‍സാജ എന്നിവരാണു ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പിന്നീട് കുന് നൂഗ് നൂച്ച് ഒരു വിദേശ യാത്രകഴിഞ്ഞു വന്നപ്പോഴേക്കും പ്രകൃതി സ്നേഹിയായി മാറി. വൃക്ഷങ്ങളും പൂക്കളും ചിത്രശലഭങ്ങളും ഇവരുടെ മനസിനെ വല്ലാതെ ആകര്‍ഷിച്ചു. അതിനെത്തുടര്‍ന്നാണു തരിശായി കിടന്ന ഈ സ്ഥലത്തു പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ സ്വന്തം പേരില്‍ ഒരു പൂന്തോട്ടം നിര്‍മിച്ചു, നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന്. 1980ല്‍ നിര്‍മാണം പൂര്‍ത്തിയായി പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന് തുറന്നു കൊടുത്തു. ക്രമേണ ഇതു ലോകജനശ്രദ്ധയാകര്ഷിക്കുകയായിരുന്നു. ഇപ്പോള്‍ നൂഗ് നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്ഡന്, യൂറോപ്യന്‍ ഗാര്ഡന്, സ്റ്റോണ്‍ഹെഞ്ച് ഗാര്ഡന്, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്ഡന്, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.
വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ കാത്തിരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവയും ജിറാഫും വണ്ടുകളും ചിത്രശലഭങ്ങളും കൂറ്റന്‍ കൊക്കുകളും ആമകളും തുടങ്ങി ജീവികളുടെ മണ്പ്രതിമാലോകം. ഓരോന്നിനു ചുറ്റും എപ്പോഴും അമ്പതു പേരെങ്കിലും ഫോട്ടോയെടുക്കാന്‍ കാണും. സെല്‍ഫിയെടുക്കുന്നവരുടെ തിരക്കു വേറെയും. പ്രതിമകളെ കണ്ടുകണ്ട് ഉള്ളിലേക്കു ചെല്ലുമ്പോള്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും ചെറിയ പൂച്ചെടികളുടെയും വിശാല ലോകമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തറയിലും ചെടിച്ചട്ടിയിലുമായി നില്‍പ്പുണ്ട്. പൂക്കളുടെ താഴ്വരയെന്ന ഫ്ളവര്‍ വാലി ഭാഗത്തേക്കു നടന്നു നീങ്ങുമ്പോള്‍ ലോകത്തെ എല്ലാ നിറങ്ങളും താഴെ വീണുകിടക്കുകയാണെന്നു തോന്നും. ഇതില്‍ സുഗന്ധം പരത്തുന്നതും അല്ലാത്തതുമായ പൂക്കളുടെ വര്‍ണലോകമാണ്. സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വീണു മനോഹാരിത നഷ്ടപ്പെടാതിരിക്കാനായി ചൂലും കുട്ടകളുമായി നിരവധി ജീവനക്കാരുണ്ടിവിടെ. പക്ഷേ ഗാര്‍ഡനില്‍ കയറിയാല്‍ ആര്‍ക്കും കുപ്പിയും കവറുകളും പേപ്പറുമൊന്നും വലിച്ചെറിയാന്‍ തോന്നില്ലെന്നതാണു സത്യം. ചെടികളെ സംരക്ഷിക്കാന്‍ അതിന്റേതായ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്.
ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്ലന്റ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്ഡനുള്ളില് പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. നമ്മുടെ നാട്ടിലെ സര്‍ക്കസില്‍ കാണിക്കുന്നതിന്റെ എത്രയോ ഇരട്ടിയിലധികം അഭ്യാസ പ്രകടനങ്ങളാണവ നടത്തുന്നത്. ഇവ കൂടാതെ തായ്ലന്റിന്റെ സ്വന്തം അഭ്യാസ പ്രകടനങ്ങളും നൃത്തരൂപങ്ങളും നാടകവുമൊക്കെ അവതരിപ്പിക്കാന്‍ കലാകാന്മാരെ സജ്ജരാക്കിയിട്ടുണ്ട്. യൂറോപ്യന്‍, ചൈനീസ്, ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന റസ്റ്റോറന്റുകളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
കാറുകളുടെ മേളം
ഇവിടുത്തെ മറ്റൊരാകര്‍ഷണം കാറുകളുടെ മേളമാണ്…. തലപുകയ്ക്കേണ്ടാ… ലോകത്തെ വിവിധതരം കാറുകളുടെ വിശാലമായ ശേഖരം ഇവിടെയുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഉടമസ്ഥയായ കുന്നൂഗ് നൂച്ചിന്റെ മകന്റേതാണ്. ഏതാണ്ട് 200 ല്‍ അധികം കാറുകള്‍ ഇവിടെയുണ്ട്. ഇത്രയും കണ്ടു തീര്‍ന്നപ്പോഴേക്കും സമയം വൈകി. ഏതാണ്ട് ആറുമണിക്കൂറിലധികമായി ഗാര്‍ഡനില്‍ കയറിയിട്ട്. ഇതാണു നൂഗ് നൂച്ച് വില്ലേജ്. ഇങ്ങനെ കാഴ്ചകള്‍ പറഞ്ഞു വയ്ക്കാന്‍ ഈ താളുകള്‍ പോരാതെ വരും. കാണാനുള്ളത് ഇനിയും ഏറെ വരും. ഒരു സ്വകാര്യ വ്യക്തി നടത്തുന്ന ഏക്കറുകണക്കിനുള്ള ബൊട്ടാണിക്കല്‍ ഗാര്ഡന് നമ്മുടെ നാടിനെ സംബന്ധിച്ചു ശരിക്കും അതിശയം തന്നെയാണ്. നിയമങ്ങളുടെ നൂലാമാലകളും ചുവപ്പു നാടയുടെ അഴിയാക്കുരുക്കും തൊഴില്തര്ക്കങ്ങളുമൊന്നുമില്ലാതെ ആര്‍ക്കും യഥേഷ്ടം വന്നു കണ്ടാസ്വദിക്കാന്‍ പറ്റുന്ന ഒരിടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബൊട്ടാണിക്കല്‍ വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും പ്രകൃതി ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000 ല്‍ അധികം പേര് ഒരു ദിവസം ഇവിടം സന്ദര്‍ശിച്ചു മടങ്ങാറുണ്ട്.
