ഫുട്ബാളിനൊരു പെൺകുട്ടായ്മ; കളി വെറും കളിയല്ല ഇവർക്ക്

 
Football

കളി വെറും കളിയല്ല ഇവർക്ക്. കോഴിക്കോട്, മലപ്പുറം ജില്ലയിലെ പെൺകൂട്ടായ്മയാണ് കളിയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയത്. മലപ്പുറം പള്ളിക്കൽ ബസാറിലെ റാഫിഅ അഫിയെന്ന സംരഭകയാണ് ഇതിന് പിന്നിൽ. ഹൈദരബാദ് ക്രേന്ദ്ര സർവ്വകലാശാലയിലെ പഠനകാലത്താണ് റാഫിഅ ആദ്യമായി ഫുട്ബാൾ കളിക്കാൻ തുടങ്ങിയത്. പഠനകാലം മുഴുവൻ ഈ കളിയുടെ ലഹരി നുകർന്ന റാഫിഅ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദമെടുത്ത് നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടികൾക്ക് കളിക്കാനൊരു ഇടമില്ലെന്ന് തിരിച്ചറിഞ്ഞത്. 
മത്സരയിനം ആയല്ലാതെ നിത്യേന കളിക്കാൻ കഴിയുന്ന, സ്‌പോട്‌സിനെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള പരിശ്രമവുമായി അഫിയ മുന്നിട്ടിറങ്ങി. 'ഫുട്ബാൾ ഫോർ ഹെർ' എന്ന വാട്‌സാപ്പ് കൂട്ടായ്മ തുടങ്ങി. ദിവസവും കളിക്കാൻ താത്പര്യമുള്ള നിരവധി പേർ ഗ്രൂപ്പിലെത്തി. 14 മുതൽ 58 വയസ്സുവരെയുള്ള നൂറിൽ പരം പേരുണ്ട് ഈ ഗ്രൂപ്പിലിന്ന്്. സാമൂഹ്യ മാധ്യമത്തിൽ ആയിരത്തിലധികം പേർ ഈ പേജ് പിന്തുടരുന്നവരാണ്. ആരോഗ്യ സംരക്ഷണത്തിന് ജിം എന്ന രീതി മാറണമെന്നാണ് റാഫിഅയുടെ ആഗ്രഹം. ഇഷ്ടമുള്ള കായിക വിനോദത്തിലൂടെ കായിക ക്ഷമത നിലനിർത്താമെന്ന ബദൽ കൂടിയാണ് ഇവർ മുന്നോട്ടു വെക്കുന്നത്. നമ്മുടെ നാട്ടിൽ ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും ദിവസവും പന്ത് കളിക്കാൻ അവസരം ലഭ്യമാക്കനാണ് ശ്രമമെന്ന് റാഫിഅ പറയുന്നു. 


കൂടുതൽ പേരുള്ള പ്രദേശത്ത് ടർഫ് ബുക്ക് ചെയ്ത് വാരാന്ത്യങ്ങളിലാണ് കളി സംഘടിപ്പിക്കുന്നത്. അടുത്ത കളി പെരിന്തൽമണ്ണയിലാണ്. അതുപോലെ രണ്ട് ജില്ലകളിലും പല സ്ഥലങ്ങളിലും കളിച്ചു. 34 പേർ സജീവമായുണ്ട്. കഴിഞ്ഞ ആഴ്ച ജഴ്‌സി പുറത്തിറക്കി. ഫുട്ബാളിനെ കൂടാതെ ക്രിക്കറ്റും ബാഡ്മിൻറണുമൊക്കെ പെൺകുട്ടികളും ശീലമാക്കണമെന്ന സന്ദേശമാണ് ഈ ഗ്രൂപ്പിന് നൽകാനുള്ളത്. അതിനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇങ്ങനെ കളിക്കാൻ വരുന്നവരിൽ പല പെൺകുട്ടികളും നല്ല കഴിവുള്ളവരാണ്. അവരൊക്കെ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി കളിക്കളത്തിലിറങ്ങിയാൽ സംസ്ഥാന വനിതാ കായികരംഗം ഏറെ മുന്നോട്ടു പോകുമെന്നും റാഫിഅ പ്രത്യാശിക്കുന്നു.