അങ്കത്തട്ടിൽ ആവേശച്ചൂട് ഉച്ചസ്ഥായിലേക്ക്
അശ്വാരൂഢൻ
നാട് ആരുഭരിക്കണമെന്ന ഇടത്തേ ചൂണ്ടുവിരലിൽ മഷിപതിപ്പിച്ച് തീരുമാനിക്കാനുള്ള ദിവസത്തിന് ഇനി 11 നാള് മാത്രം. നാടും നഗരവും തെരഞ്ഞെടുപ്പിന്റെ ആവേശത്തിന്റെ ഉച്ചായിലെത്തിക്കഴിഞ്ഞു. സ്ഥാനാര്‍ഥികളും മുന്നണികളും അവസാന വട്ട വോട്ടുറപ്പിക്കലിലേക്കു കടന്നു. വോട്ടര്‍പട്ടികയുമായി വീടുകളിലെത്തി ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലാണ് സ്ക്വാഡ് പ്രവര്‍ത്തനം. ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലും കോര്‍പറേഷനിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ സ്വീകരണ പരിപാടികള്‍ കൊടുമ്പിരി കൊള്ളുകയാണ്. ശബ്ദ പ്രചാരണം ആറിന് അവസാനിക്കും. വാര്‍ഡുകളിലെ വിവിധ ബൂത്തുകള്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഇതുവരെ സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ലാത്തവര്‍ക്കു സ്വീകരണ പരിപാടിയില്‍ കാണാം. ബൂത്തിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ എല്ലാസ്ഥാനാര്‍ഥികള്‍ക്കും മൈക്ക് സ്ക്വാഡുകള്‍ സജീവമായിട്ടുണ്ട്.നാട്ടിലും നഗരത്തിലും തെരഞ്ഞെടുപ്പു മേളം ആവേശക്കൊടുമുടിയിലാണ്. ദേശീയ രാഷ്ട്രീയം മുതല്‍ പ്രാദേശിക സംഭവങ്ങള്‍ വരെ പ്രചാരണായുധങ്ങളാക്കി ആരോപണ പ്രത്യാരോപണങ്ങളില്‍ മുന്നണികളും ബിജെപിയും മുന്നേറുകയാണ്. ജില്ലയിലാകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 6,469 സ്ഥാനാർത്ഥികൾ. എല്ലാത്തവണയും കടുത്ത മത്സരം നടക്കുന്ന ജില്ലയിൽ ഏവരും ഉറ്റുനോക്കുന്ന കോർപ്പറേഷനാണ് തിരുവനന്തപുരം നഗരസഭ. 100 വാർഡുകളിലേക്ക് നടക്കുന്ന മത്സരത്തിൽ വിജയസാദ്ധ്യത പ്രവചിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലായി 556 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇത്തവണ നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ പുതുമുഖങ്ങളുണ്ട്, കോളേജ് വിദ്യാർത്ഥികളുണ്ട്. പക്ഷേ, ഇവർക്കിടയിലും പരിചയ സമ്പന്നരുടെ നീണ്ട ഒരു നിരയും അങ്കം കുറിക്കുന്നുണ്ട്.
മുൻ ഡെപ്യൂട്ടി മേയറും സി.പി.ഐ നേതാവുമായ ഹാപ്പി കുമാറാണ് ഈ പരിചയസമ്പന്നരിൽ പ്രമുഖൻ. പി.ടി.പി നഗറിൽ നിന്ന് മത്സരിക്കുന്ന ഹാപ്പി കുമാറിന് നേരിടേണ്ടത് ബി.ജെ.പി മുൻ പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ വി.ജി.ഹരികുമാറിനെയാണ്. മറ്റൊരു സി.പി.ഐ നേതാവും നിലവിലെ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ വഴുതക്കാട് വാർഡിൽ നേരിടുന്നത് യു.ഡി.എഫിലെ സുരേഷ് കുമാറിനെയാണ്. 2010ൽ സുരേഷ് കുമാർ ഇവിടെ നിന്ന് ജയിച്ചിരുന്നു. ജഗതി വാർഡ് പിടിച്ചെടുക്കാൻ എൽ.ഡി.എഫ് ഇത്തവണ നിയോഗിച്ചിരിക്കുന്നത് തൈക്കാട് വാർഡിലെ കൗൺസിലറും ഏറ്റവും പ്രായം കുറഞ്ഞ പോരാളിയുമായ വിദ്യ മോഹനെയാണ്. ബി.ജെ.പിയുടെ ഷീജ മധുവാണ് വിദ്യയുടെ എതിരാളി. കഴിഞ്ഞ അഞ്ച് വർഷം ഗീതയുടെ സാന്നിദ്ധ്യം ഇവിടെ പ്രകടമായിരുന്നില്ലെന്നാണ് വിദ്യ പറയുന്നത്. പാങ്ങോട് മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. യു.ഡി.എഫിന് വേണ്ടി ജി.സുരേഷ് കുമാർ രംഗത്തിറങ്ങുമ്പോൾ എൽ.ഡി.എഫിന് വേണ്ടി ബിന്ദു ശ്രീകുമാറാണ് പോർക്കളത്തിലുള്ളത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള ഇവിടെ സിറ്റിങ് കൗൺസിലറായ മധുസൂദനൻ നായർ സീറ്റ് നിലനിറുത്താമെന്ന പ്രതീക്ഷയിലാണ്. 2015ൽ മേയർ സ്ഥാനാർത്ഥിയായിരുന്ന ജയൻ ബാബുവിനെ മധുസൂനൻ നായർ തോൽപിച്ചിരുന്നു. ബിന്ദു ശ്രീകുമാറും സുരേഷ് കുമാറും നേരത്തെ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ചവരാണ്. അതിനാൽ തന്നെ വളരെ ശക്തമായ ഒരു മത്സരമായിരിക്കും പാങ്ങോട് മൂന്ന് മുന്നണികളും കാഴ്ചവയ്ക്കുക. നിലവിലെ പേട്ട കൗൺസിലറും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ ഡി. അനിൽകുമാർ ഇത്തവണ കടകംപള്ളി വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. രണ്ട് തവണ കൗൺസിലറായിരുന്ന മുതിർന്ന അംഗം പി.കെ. ഗോപകുമാർ ആണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. തങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള വാർഡാണിതെന്ന് ഇരുവരും അവകാശപ്പെടുന്നു. ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത് മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും സർക്കാരിനെതിരായ സമരങ്ങളിലെ മുന്നണിപ്പോരാളിയുമായ ജയ രാജീവിനെയാണ്.തിരുമല സീറ്റ് നിലനിറുത്താനുള്ള ചുമതല ബി.ജെ.പി ഇത്തവണയും ഏൽപിച്ചിരിക്കുന്നത് അനിൽകുമാറിനെ തന്നെയാണ്. സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് ആർ.പി. ശിവജിയെയും. നെടുങ്കാട് വാർഡിൽ സിറ്റിംഗ് കൗൺസിലറായ എസ്. പുഷ്പലതയെ നേരിടുന്നത് ബി.ജെ.പിയിലെ കരമന അജിത്താണ്. അടുത്തിടെയാണ് അജിത്ത് കൊവിഡ് രോഗത്തിൽ നിന്ന് മുക്തനായത്. രോഗബാധയെ തുടർന്ന് രണ്ടാഴ്ചയോളം അജിത്ത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. ഫോർവേഡ് ബ്ളോക്ക് സ്ഥാനാർത്ഥിയാണ് ഇവിടെ യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്.
