പി.ബിജു സമാനതകളില്ലാത്ത സംഘാടക വൈഭവത്തിന്റെ അവകാശി
തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകൾക്ക് രാഷ്ടീയ പ്രബുദ്ധതയുടെ
പുതിയ ആകാശവും പുതിയ ഭൂമിയും സമ്മാനിച്ച വിദ്യാർത്ഥി സമരങ്ങളുടെ പ്രവേഗവും പ്രഹരശേഷിയും നിർണയിച്ചവരിൽ ഒരാൾ പി.ബിജുവായിരുന്നു. ചരിത്രപരവും സാഹസികവുമായ ആ വിദ്യാർഥിപ്രക്ഷോഭങ്ങളാണ് ബിജു എന്ന ധാതുബലമുള്ള കമ്മ്യൂണിസ്റ്റിനെ സ്ഫുടപാകം ചെയ്തെടുത്തത്.
അതുകൊണ്ടുതന്നെ പ്രക്ഷോഭങ്ങളുടെ വേനലും വേദനകളും കൊണ്ട് നിർമ്മിതമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. പി.ബിജു രാഷ്ട്രീയ ജീവിതത്തിൽ കേവലമൊരു പേരായ ശബ്ദമല്ലായിരുന്നു. സമർപ്പിതമായ ധീരതയെയും സമാനതകളില്ലാത്ത സംഘാടക വൈഭവത്തെയും ദ്യോതിപ്പിയ്ക്കുന്ന നേരിന്റെ അവകാശിയായിരുന്നു. യുവജന ക്ഷേമ ബോർഡിനെ കഴിഞ്ഞ നാലരക്കൊല്ലം കൊണ്ടു യുവാക്കൾക്കിടയിൽ സ്വീകാര്യമാക്കി തീർത്ത പി. ബിജു മടങ്ങുന്നത് ഒരുപിടി നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടാണ്. യുവജന ക്ഷേമ ബോർഡിന്റെ കഴിഞ്ഞ കുറേകാലത്തെ മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു സജീവമാക്കി നിലനിർത്തി. പ്രളയകാലത്തും കൊവിഡ് എന്ന മഹാമാരികാലത്തും ബിജു തയാറാക്കിയെടുത്ത യൂത്ത് ബ്രിഗേഡ് കേരളത്തിന്റെ പ്രശംസ പിടിച്ചു പറ്റി.
ശാരീരിക പരിമിതികൾ പോലും മറികടന്നു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന ബിജു മാധ്യമ ചർച്ചകളിലും സൗമ്യസാന്നിധ്യമായി. തലസ്ഥാനത്തെ ഇടതു വിദ്യാർഥി യുവജനസമരങ്ങളുടെ മുൻനിരയിൽ സജീവസാന്നിധ്യമായിരുന്ന ബിജു പാർലമെന്ററി രംഗത്തു നിന്ന് മാറി സംഘടനാപ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധപതിപ്പിച്ചു വന്നത്. സ്വപ്നങ്ങളിൽ നക്ഷത്രങ്ങൾ പാകുകയും ചെയ്ത ആ സമരങ്ങളുടെ പ്രഹരശേഷിയും ജ്വലനശേഷിയും നിർണയിച്ചവരിൽ ഒരാൾ നിശ്ചയമായും പി.ബിജുവായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരത്തിന്റെ ജീവൽ രാഷ്ട്രീയത്തിന്റെ ഉണർവ്വും ഉത്തേജനവും നിർണയിക്കുന്ന മനസും മസ്തിഷ്കവുമായി ബിജു ഇവിടെയുണ്ടായിരുന്നു. ഒപ്പം നടന്നവർക്ക് ആത്മധൈര്യത്തിന്റെ താഴാത്ത രസവിതാനമായി, സമരമുഖങ്ങളിലെ ജ്വലിയ്ക്കുന്ന അഭിമാനബോധമായി. മികച്ച സംഘാടകനെന്ന് പേരെടുത്തയാളാണ് പി.ബിജു. എൽഎൽബി, ജേണലിസം ബിരുദധാരിയാണ്. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.
2016 ഒക്ടോബര്‍ 5 നാണു പി.ബിജു കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി ചുമതലയേറ്റത്. യുവജനക്ഷേമ ബോർഡിനെ മുൻപെങ്ങും കാണാത്ത വിധം സജീവമായ പ്രവർത്തനങ്ങളിലൂടെ മികവിലേക്കു നയിക്കാൻ ബിജുവിന്റെ പ്രവർത്തനങ്ങൾക്കായി. കെഎഎസ് പോലുള്ള മത്സര പരീക്ഷകൾക്കു യുവാക്കൾക്ക് സൗജന്യമായി പരിശീലനവും ലോക്ഡൗൺ കാലത്തും ഓൺലൈനായും പരിശീലനം നൽകിയെന്നും ബോർഡംഗങ്ങൾ അനുസ്മരിക്കുന്നു. നായകനെങ്കിലും ചിലപ്പോൾ കാലാളിനെപോലെ, അമരത്തെങ്കിലും ചിലപ്പോൾ വെറും തുഴക്കാരനെപോലെ ബിജു എന്നും മുന്നിലുണ്ടായിരുന്നുവെന്നു ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു.
നിർഭയത്വമാണ് പി.ബിജു എന്ന കമ്മ്യൂണിസ്റ്റിനെ വ്യത്യസ്തനാക്കുന്നത്. ആയുധങ്ങൾക്കുമുന്നിൽ, രാഷ്ട്രീയ ആഭിചാരങ്ങൾക്ക് മുന്നിൽ, ഉപജാപങ്ങൾക്ക് മുന്നിൽ, അധികാരമുള്ളവരുടെ തന്ത്രമന്ത്രയന്ത്രങ്ങൾക്ക് മുന്നിൽ അപരാജിതനായി നിവർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ അസാമാന്യമായ പ്രതിരോധശേഷിയെ ശത്രുക്കൾ പോലും വാഴ്ത്തിയിരുന്നു. സഖാക്കളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള സാങ്കേതികവിദ്യ ഹൃദിസ്ഥമാക്കിയ നേതാവാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തെ പിബിയെന്നു സഹപ്രവർത്തകർ സ്നേഹപൂർവം വിളിച്ചു.
സഖാക്കൾക്ക് മുന്നിൽ ആത്മധൈര്യത്തിന്റെ ആയുധമായി പരിണമിയ്ക്കുന്ന അപൂർവ്വ സിദ്ധിയ്ക്കുടമയായിരുന്നു അദ്ദേഹം. സന്ദിഗ്ദ്ധഘട്ടങ്ങളിൽ കരുത്തിന്റെ
കൊടുങ്കാറ്റായി ആഞ്ഞുവീശുകയും അലകടലായി വീശിയടിയ്ക്കുകയും ചെയ്യുന്ന അദ്ദേഹം നയിക്കുമ്പോൾ ഒപ്പം നിൽക്കുന്ന നേതാവാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യമെത്തുകയും അവസാനം മടങ്ങുകയും ചെയ്യുന്നു അദ്ദേഹം. അനാഥരാണെന്ന ബോധം ഒരിയ്ക്കലും സഖാക്കൾക്ക് ഉണ്ടാകരുത് എന്നതാണ് അദ്ദേഹത്തിന്റെ ഫിലോസഫി. ആ തത്വചിന്തയാണ് ബിജുവിനെ സഹപ്രവർത്തകരുടെ ഹൃദയഭാജനമാക്കുന്നത്.
ബിജുവിന്റെ പ്രവര്‍ത്തനങ്ങള്‍ ചിത്രങ്ങളിലൂടെ
