പെൻസിൽ മുനകളിൽ കൊത്തിയെടുക്കുന്ന ചെറുലോകങ്ങൾ
വെണ്ണക്കല്ലിലും പാറക്കല്ലിലും മനോഹരമായ ശില്പങ്ങള് കൊത്തിയെടുക്കുന്നവരെ രാജശില്പിയെന്ന പേരിട്ട് ആരാധനയോടെയാണ് നാം നോക്കി കാണുന്നത്. എന്നാല്‍ ഒരു പെന്‍സില്‍ തുമ്പില്‍, ചോക്കു കഷ്ണത്തില്‍, എന്തിനൊരു പാരസിറ്റമോള്‍ ഗുളികയില്പ്പോലും മനോഹരമായ ശില്പങ്ങള് തീര്‍ക്കാനാവുമെന്ന് പറഞ്ഞാല്‍ അതിശയിക്കാത്തവരാരുണ്ട്. മൈക്രോ ആര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കലയില്‍ ഉയരങ്ങള്‍ കീഴടക്കിയ ഒരു മലയാളിയുടെ കഥയാണിത്. പിറവം അഞ്ചല്‍പ്പെട്ടി സ്വദേശിയായ തോമസ് കുട്ടി ജോസഫ് എന്ന 21കാരനാണ് ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്’ആയി മാറിയിരിക്കുന്നത്.
പെന്‍സില്‍ത്തുമ്പില്‍ കൊത്തിയെടുത്ത ജീവസുറ്റ ശില്പങ്ങളിലൂടെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് തോമസ്. ഇന്ത്യയിലെ 15 ഭാഷകള്‍ പെന്‍സിലില്‍ കൊത്തിയെടുത്താണ് തോമസ് ഈ നേട്ടം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചോക്കുകഷ്ണത്തില് തീര്‍ത്ത കൗതുകമാണ് ഇത്രവലിയ ഒരു നേട്ടത്തില്‍ എത്തിച്ചതെന്ന് തോമസ് പറയുന്നു. ചിത്ര രചനയില്‍ ചെറുപ്പം മുതലുള്ള അഭിരുചിയും സഹായിച്ചു. ഒരു കുഞ്ഞു ചോക്കു കഷ്ണത്തില്‍ തീര്‍ത്ത മനുഷ്യരൂപമാണ് ആദ്യം മൈക്രോ അര്‍ട്സിന്റെ ലോകത്തേയ്ക്ക് തോമസിനെ കൈപിടിച്ചു കയറ്റിയത്. പിന്നീട് കൈയ്യില്‍ കിട്ടുന്ന ചെറിയ രൂപങ്ങളിലെല്ലാം തോമസ് തന്റെ കരവിരുതുകൊണ്ടു മനോഹരമാക്കി.
കോളേജ് പഠനകാലത്താണ് മൈക്രോ അര്ട്സില് കമ്പം തോന്നിയത്. ‘ഈച്ച’എന്ന ഫാന്റസി ചിത്രമായിരുന്നു അതിനു പിന്നില്‍. ഈ
സിനിമയിലെ ചില രംഗങ്ങള്‍ മാത്രമായിരുന്നു മൈക്രോ ആര്‍ട്ടിനെപ്പറ്റിയുള്ള തോമസിന്റെ അറിവ്. പിന്നീടിങ്ങോട്ടുള്ള 3 വര്‍ഷങ്ങളില്‍ പഠിച്ചും പരീക്ഷണങ്ങള്‍ നടത്തിയും തോമസ് മൈക്രോ ആര്‍ട്ടിനെ അടുത്തറിഞ്ഞു. കത്തിയും ചെറു സൂചിയുമുപയോഗിച്ച് വേള്‍ഡ് കപ്പും സേഫ്റ്റി പിന്നും ബുള്ളറ്റും ഈഫല്‍ ടവറും വരെ പെന്‍സില്‍ മുനയില്‍ തീര്‍ത്തിട്ടുണ്ട്. ചോക്കും പെന്‍സിലും ഉപയോഗിച്ച് ഒരുപാട് രൂപങ്ങള്‍ കൊത്തിയപ്പോള്‍ മീഡിയം മാറ്റിപ്പിടിക്കാനും തോമസ് പരീക്ഷണം നടത്തി. പാരസിറ്റമോള്‍ ഗുളിക, ചക്കക്കുരു തുടങ്ങിയവയിലും മനോഹരമായ കൊത്തുപണികള്‍ ചെയ്യാനായി. സുഹൃത്തുക്കളുടെ പിന്തുണകൂടെയായപ്പോള് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇവയുടെ ചിത്രങ്ങള്‍ പങ്കുവച്ചു തുടങ്ങി. ഇതോടെ ആവശ്യക്കാരും നിരവധിയായി. ഗിഫ്റ്റ് നല്‍കുന്നതിനായി പലരും ഓര്‍ഡര്‍ നല്കി തുടങ്ങിയപ്പോള്‍ നല്ലൊരു വരുമാനവും ലഭിക്കുന്നുണ്ടെന്ന് പറയുന്നു തോമസ്.
മൈക്രോ ആര്‍ട്സ് കലാകാരന്മാരുടെ ഗ്രൂപ്പുകളിലൂടെയാണ് റെക്കോഡ് നേട്ടത്തിന് ശ്രമം ആരംഭിച്ചത്. ആദ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് നല്‍കാമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സ്പോണ്‍സര്‍മാരെ ലഭിക്കാനുള്ള പ്രയാസം കൊണ്ട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റെക്കോര്‍ഡ് ലഭിച്ചതായി അറിയിപ്പ് ലഭിച്ചെങ്കിലും ലോക്ഡൗണ്‍ കാരണം സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ ലഭിച്ചിട്ടില്ല. ഉടന്‍ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും തോമസ്. ആദ്യമൊക്കെ തന്റെ ശ്രമങ്ങളെ കിറുക്കെന്ന് പറഞ്ഞ് തള്ളിയിരുന്ന വീട്ടുകാര്‍ പിന്നീട് പരിശ്രമം അവസാനിപ്പിക്കുന്നില്ല എന്നു കണ്ടപ്പോള്‍ നല്ല സപ്പോര്‍ട്ട് നല്കി. റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അച്ഛന് ജോസഫും അമ്മ സാറക്കുട്ടിയും ഡല്‍ഹിയില്‍ നഴ്സായ സഹോദരി അലീഷയും പൂര്‍ണ പിന്തുണ നല്കി. പെരുമ്പാവൂരിലെ ഡിഗ്രി പഠനത്തിനു ശേഷം ഇപ്പോള്‍ തിരുവനന്തപുരത്ത് അനിമേഷന്‍ പഠിക്കുകയാണ് തോമസ്. പഠനത്തിനിടയിലും മൈക്രോ ആര്‍ട്സിന് വിശ്രമം കൊടുക്കുന്നില്ല ഈ കലാകാരന്.
