മഴയെ പിൻതുടർന്നൊരാൾ
നദീഷ് കരീമഠത്തിൽ
മെയ് മാസത്തിലെ കത്തുന്ന വേനൽക്കാലത്തിന്റെ അവസാനത്തിൽ, കേരളത്തിന്റെ വരണ്ട മണ്ണിൽ മഴയുടെ ആദ്യ തുള്ളി സ്പർശിച്ചതിനുശേഷം വരുന്ന മനോഹരമായ സുഗന്ധം എപ്പോഴും ഗൃഹാതുരമാണ്. ഇരുണ്ട മേഘങ്ങൾ തണുത്ത കാറ്റിനൊപ്പം മഴയായി പെയ്യാൻ തുടങ്ങുമ്പോൾ മലയാളിയുടെ മനസ് എന്തെന്നില്ലാത്ത സന്തോഷത്തിൽ തുടിക്കുമായിരുന്നു.
പശ്ചിമഘട്ടം മുതൽ അറബിക്കടൽവരെ ചരിഞ്ഞു കിടക്കുന്ന കേരളത്തിന്റെ വാർഷിക അത്ഭുതമായിരുന്നു കുറച്ചുകാലം മുൻപ് വരെ മൺസൂൺ. മനസ്സിലും ശരീരത്തിലും ആത്മാവിലും സന്തോഷത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പ്രതീക്ഷയുടെയും സവിശേഷമായ വികാരമുണ്ടാക്കാൻ മൺസൂണിനു കഴിഞ്ഞിരുന്നു. സ്വയം അനുഭവിക്കുന്നതുവരെ ലോകത്ത് മറ്റാർക്കും, മലയാളിക്ക് മൺസൂൺ മഴ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയില്ല.
ഇടവമാസത്തിന്റെ മധ്യത്തിൽ എത്തുന്ന വർഷകാലത്തെ പല വിദേശ എഴുത്തുകാരും ആസ്വദിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1990-ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ്-ഓസ്ട്രേലിയൻ യാത്രാ എഴുത്തുകാരനായ അലക്സാണ്ടർ ഫ്രേറ്റർ എഴുതിയ “ചേസിങ് ദി മൺസൂൺ: ഇന്ത്യയിലൂടെ ഒരു ആധുനിക തീർത്ഥാടനം” എന്ന പുസ്തകം പേമാരി നാശം വിതക്കുന്ന ഈ കെട്ടകാലത്ത് വീണ്ടും വായിക്കുകയായിരുന്നു. മഴക്കാലത്ത് കേരളത്തിലെ കോവളത്തു നിന്ന് മേഘാലയയിലെ ചിറാപുഞ്ചി വരെ മഴയോടൊപ്പം സഞ്ചരിക്കുകയെന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഉപഭൂഖണ്ഡം മുഴുവൻ യാത്ര ചെയ്ത ഫ്രേറ്ററുടെ അനുഭവക്കുറിപ്പാണ് ഈ പുസ്തകം. 1990 കളുടെ തുടക്കത്തിൽ ബിബിസി, സിഎൻഎൻ, ഡിഡബ്ല്യു ജർമ്മൻ ടിവി, നാഷണൽ ജിയോഗ്രാഫിക് തുടങ്ങിയ ചാനലുകൾ ഇന്ത്യയിലെ മൺസൂൺ ടൂറിസത്തെ കുറിച്ചുള്ള പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും ഈ പുസ്തകം പ്രോചോദനമായി.
ഈ അതിശയകരമായ പ്രകൃതി പ്രതിഭാസത്തോടുള്ള ഇന്ത്യയുടെ, പ്രതേകിച്ചും കേരളത്തിന്റെ വികാരം നിറഞ്ഞ പ്രതികരണം പകർത്തുന്നതിനിടയിൽ മഴയും ആളുകളുമായുള്ള തന്റെ കണ്ടുമുട്ടലുകൾ ഫ്രേറ്റർ മനോഹരമായി വിവരിച്ചിട്ടുണ്ട്. വായനക്കാരനെ നനയിക്കുയും മഴയുടെ ഭാവങ്ങൾ അനുഭവിപ്പിക്കുകയും ചെയ്യുന്ന ഖണ്ഡികകളുണ്ട്. “മനസിനെ ശാന്തമാക്കുന്ന ഒരേയൊരു സീസൺ ഇതാണ്. അതിശയകരമായ ഉദാത്തമായ മാനസികാവസ്ഥകൾ ഇതിന് ഉണ്ടാക്കാനാകും. ചിലപ്പോൾ അത് വിഷമകരമാണ്, ചിലപ്പോൾ അത് സന്തോഷകരമാണ്.” മഴക്കാലം നൽകുന്ന ആവേശത്തെക്കുറിച്ച് ഫ്രാറ്റർ എഴുതുന്നു. മഴയുമായുള്ള ദൈവങ്ങളുടെയും പ്രാർത്ഥനകളുടെയും സംഗീതത്തിന്റെയും കെട്ടുകഥകളും കഥകളും ഗവേഷണ ചാരുതയോടെ അദ്ദേഹം എഴുതിയിട്ടുണ്ട്.
കൂടാതെ, മഴയുടെ രോഗശാന്തി ഗുണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. “പ്രകൃതി മഴയെ വീണ്ടെടുക്കുമ്പോൾ, മനുഷ്യർക്കും ഇത് പുനരുജ്ജീവനത്തിന്റെ സമയമാണ്. ആയുർവേദ പ്രകാരം, പുനരുജ്ജീവന ചികിത്സകൾക്കുള്ള ഏറ്റവും നല്ല കാലമാണ് മഴക്കാലം. മഴക്കാലത്ത്, അന്തരീക്ഷം പൊടിയില്ലാത്തതും തണുത്തതുമായി തുടരുന്നു, ഇത് ശരീരത്തിന്റെ സുഷിരങ്ങൾ പരമാവധി തുറക്കുന്നു, ഇത് ഹെർബൽ ഓയിലുകൾക്കും തെറാപ്പിക്കും ഏറ്റവും സ്വീകാര്യമാണ്.” എന്നിങ്ങനെ പോകുന്നു ആ വിവരണം.
ഫ്രേറ്ററിനെ സംബന്ധിച്ചിടത്തോളം ഒരു റൊമാന്റിക് ആദർശമെന്ന നിലയിൽ, നിറങ്ങൾ, മാനസികാവസ്ഥകൾ, സുഗന്ധങ്ങൾ, സൂക്ഷ്മവും നിഗൂഢവുമായ വെളിച്ചം, കവിത, ഉയർന്ന പ്രതീക്ഷകൾ, സൗന്ദര്യം, മനുഷ്യരുടെ ഹൃദയമിടിപ്പ് എല്ലാമായിരുന്നു കേരളത്തിലെ മഴ.
1987 ലെ ഒരു മെയ്മാസത്തിലാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. മാധവിക്കുട്ടിയും സുഗതകുമാരി ടീച്ചറുമെല്ലാം പരിസ്ഥിതി പ്രശനങ്ങൾ കേരളത്തിന്റെ പൊതുസമൂഹത്തോടു സംസാരിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഫ്രാറ്റർ, അന്ന് തിരുവനതപുരത്ത് താമസിക്കുകയായിരുന്ന മാധവിക്കുട്ടിയെ സന്ദർശിച്ചു കേരളത്തിന്റെ കാലാവസ്ഥാവ്യെതിയാനത്തിന്റെ ആശങ്കകൾ ചർച്ച ചെയ്തതും പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്.
“സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശ്വസനീയമല്ലാത്ത ശാസ്ത്രീയ പ്രവചനമാണ് കാലാവസ്ഥാ പ്രവചനം.” തിരുവനന്തപുരം മീട്രോളജിക്കൽ സെന്ററിലെ മൺസൂൺ ഓഫീസർ ജൂലിയസ് ജോസഫ് ഫ്രാറ്ററോട് അന്ന് പറഞ്ഞ വാക്കുകളാണിത് – “ഞാൻ ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ സംസാരിക്കുന്നു, പക്ഷേ ആളുകൾ എപ്പോഴും ഹൃദയത്തോടും വികാരത്തോടും കൂടി കേൾക്കുന്നു. യൂറോപ്പിലെ കാലാവസ്ഥയും നമ്മുടെ കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസം പാവപ്പെട്ടവനും കോടീശ്വരനും തമ്മിലുള്ള വ്യത്യാസമാണ്. യൂറോപ്യൻ കാലാവസ്ഥ ദരിദ്രനാണ്. അവന്റെ ശീലങ്ങൾ പ്രവചിക്കാവുന്നവയാണ്, അവന്റെ ചലനങ്ങൾ ആവർത്തന വിരസമാണ്. ഓരോ ദിവസവും അവൻ പതിവ് പിന്തുടരും, രാവിലെ കാപ്പി കുടിക്കുന്നു, വിരസമായ ജോലിയിലേക്ക് പോകുന്നു. തന്റെ വിരസമായ ഭാര്യയുടെ അടുത്തേക്ക് മടങ്ങുന്നു. ഇന്ത്യൻ കാലാവസ്ഥ, അങ്ങേയറ്റം, മനപൂർവം, വേഗത്തിൽ ചലിക്കുന്നതും പൂർണ്ണമായും പ്രവചനാതീതവുമാണ്. ഇത് ഒരു കോടീശ്വരനാണ് – ഉച്ചക്ക് ഒരു വിമാനത്തിൽ ചാടി ലണ്ടനിലേക്ക് പറക്കും വൈകിട്ട് മറ്റൊരു വിമാനത്തിൽ ഫ്രാൻസിലേക്ക്.” ജൂലിയസ് ജോസഫ്, ഫ്രാറ്ററോട് പറഞ്ഞ ഉപമയാണിത്. 1987 മെയ് 31 നായിരുന്നു ജൂലിയസ് ജോസഫും ഫ്രാറ്ററുമായി തിരുവന്തപുരത്തെ മെറ്ററോളജി ഡിപ്പാർട്ട്മെന്റിലെ കൂടിക്കാഴ്ച.
മുപ്പത് വർഷങ്ങൾക്കിപ്പുറം അലക്സാണ്ടർ ഫ്ലാറ്റാറുടെ പുസ്തകം നമ്മൾ വായിക്കേണ്ടതാണ്. മനോഹരമായ ഒരു പ്രകൃതി പ്രതിഭാസത്തെ നാം എങ്ങിനെ ഭീകരതയാർന്ന ദുരന്തമാക്കി മാറ്റി എന്ന് ആ പുസ്തകം നമ്മെ പഠിപ്പിക്കും.
600 ദശലക്ഷം മുതൽ 800 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മയോസീൻ കാലഘട്ടത്തിലാണ് മൺസൂൺ ആദ്യമായി ഇന്ത്യയിലെത്തിയത്. ഹിമാലയത്തിന്റെയും ടിബറ്റൻ പീഠഭൂമിയുടെയും ശക്തമായ ‘ഉയർച്ച’യാണ് കാരണം – വടക്കോട്ട് നീങ്ങിയ ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ച് നിരവധി ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു പ്രക്രിയ. കാറ്റുകളുമായി ബന്ധപ്പെട്ട പ്രധാന സാമ്പിളുകളും കടൽത്തീരത്തെ അവശിഷ്ടങ്ങൾ, ഡയറ്റംസ് എന്നറിയപ്പെടുന്ന ചെറിയ ഓപലിൻ അസ്ഥികൂടങ്ങളും റേഡിയോലാരിയ എന്നറിയപ്പെടുന്ന ഏകകോശ സമുദ്ര സസ്യങ്ങളുമെല്ലാം വിശകലനം ചെയ്ത ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ടോം പെഡേഴ്സൺ എന്ന ശാസ്ത്രജ്ഞൻ ‘സിഗ്നേച്ചർ ഓഫ് മൺസൂൺ’ എന്ന പുസ്തകത്തിൽ പറയുന്നതാണിത്.
കരയും കടലും മുൻപെങ്ങുമില്ലാത്ത രൂപമാറ്റം സംഭവിക്കുന്ന ഇക്കാലത്തു അലക്സാണ്ടർ ഫ്രാറ്ററിന്റെ പുസ്തകം നമുക്ക് കേരളത്തിലെ മഴയുടെ മാറ്റത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ സഹായിക്കും. 2018 പ്രളയകാലത്ത് ലണ്ടനിലെ മാധ്യമ സുഹൃത്തുക്കൾ വഴി ഫ്രാറ്ററെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മഴയോർമകൾ നഷ്ട്ടപ്പെട്ട് മറവിരോഗബാധിതനായി ഈസ്റ്റ് ലണ്ടനിലെ വീട്ടിലായിരുന്നു അദ്ദേഹമപ്പോൾ. 2020 ജനുവരി ഒന്നിന് പക്ഷാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചു.
