മാജിക്കിന്റെ മാന്ത്രിക മന്ത്രണം

രാധിക പി. മേനോൻ
 
p

 

മഹാദേവൻ തമ്പിയുടെ ശ്രദ്ധേയമായ നോവൽ ദി പാഡി വിസ്പറർ തിരഞ്ഞെടുത്തതിന് നന്ദി. മലയാളത്തിന്റെ മണ്ണിൽനിന്ന് ഇംഗ്ലീഷ് വായനയുടെ വിശാല ലോകത്തേക്ക് ഈ കൃതി വിവർത്തനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഈ നോവൽ വായനക്കാർക്ക് ആസ്വാദ്യകരമായ അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സാഹിത്യപരമായി ഏറെ വ്യത്യസ്തമായ ഒരു രചനയാണ് ദി പാഡി വിസ്പറർ. ഭാവനയുടെ മികവും വായനക്കാരുടെ മനസ്സിലെ ആഗ്രഹങ്ങൾക്കു ചിറകുനൽകുന്ന ആഖ്യാനവും ഇതിൽ ഒരുപോലെ സംഗമിക്കുന്നു. വായനക്കാരെ രസിപ്പിക്കുന്നതിനൊപ്പം ശക്തമായ സാമൂഹിക സന്ദേശവും നോവൽ മുന്നോട്ടുവയ്ക്കുന്നു. ഗൗരവമേറിയ പ്രമേയങ്ങളും ലളിതമായ ആഖ്യാനവും സമന്വയിപ്പിക്കുമ്പോഴും സാഹിത്യത്തിന്റെ സൗന്ദര്യവും വായനാസുഖവും നഷ്ടപ്പെടുന്നില്ല എന്നതാണ് കൃതിയുടെ പ്രത്യേകത.

p

പുറമേ നോക്കുമ്പോൾ ഒരു യാത്രാനോവലിന്റെ സ്വഭാവമാണ് കൃതിക്കുള്ളതെങ്കിലും പരമ്പരാഗത ആഖ്യാനരീതികളിൽനിന്ന് വ്യത്യസ്തമായ വഴിയാണ് മഹാദേവൻ തമ്പി സ്വീകരിക്കുന്നത്. നായകന്റെ ഭൗതികയാത്രയ്ക്കൊപ്പം ഭൂതകാലത്തിലേക്കുള്ള ഓർമയാത്രകളും കടന്നുവരുന്നു. ഇതിലൂടെ കഥയുടെ ഒഴുക്ക് പലപ്പോഴും പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കുന്നു. യാഥാർഥ്യബോധമുള്ള പശ്ചാത്തലത്തിൽ നിഗൂഢവും അതീന്ദ്രിയവുമായ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും സവിശേഷമായൊരു മാന്ത്രികഭാവം കൈവരുന്നു.

അങ്ങനെ ഒരു കുടുംബത്തിന്റെ തലമുറകളിലൂടെയുള്ള കഥയായും പ്രാദേശിക ജീവിതത്തിന്റെ ആവിഷ്കാരമായും ഡിസ്റ്റോപ്പിയൻ നോവലായും ഒരു സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രൂപീകരണത്തിന്റെയും പരിവർത്തനത്തിന്റെയും ആഖ്യാനമായും ഈ കൃതി മാറുന്നു.

ചരിത്രവും പുരാണവും ഭാവനയും ആത്മകഥാംശങ്ങളും യാഥാർഥ്യവും മാജിക്കൽ റിയലിസവും ഇഴചേർന്നതാണ് നോവലിന്റെ ആഖ്യാനലോകം. സംഭവബഹുലമായ കഥയ്ക്കപ്പുറം ഗൗരവമായി ചിന്തിക്കുന്ന വായനക്കാർക്ക് ഏറെ വിഷയങ്ങൾ ഈ കൃതി മുന്നോട്ടുവയ്ക്കുന്നുണ്ട്. സാമൂഹിക വിമർശനത്തിന്റെ ശക്തമായൊരു കണ്ണാടിയാണ് നോവലിന്റെ കാതൽ.

പുരോഗമനപരമെന്നു തോന്നുന്ന ചില നടപടികൾ എങ്ങനെ പിന്നോട്ടുള്ള പ്രയാണമായി മാറുന്നു, ക്രൂരമെന്നു തോന്നുന്ന പ്രവൃത്തികൾക്കു പിന്നിൽ ചിലപ്പോൾ മാനുഷികമായ ഉദ്ദേശ്യങ്ങൾ എങ്ങനെ ഒളിഞ്ഞിരിക്കുന്നു, അതിരുകളില്ലാത്ത സ്വാതന്ത്ര്യം എങ്ങനെ സ്വയം പരാജയപ്പെടുന്നു, ആധുനിക കണ്ടുപിടിത്തങ്ങളേക്കാൾ ശാസ്ത്രീയമായ ഉൾക്കാഴ്ചകൾ പ്രാചീന ജ്ഞാനത്തിൽ എങ്ങനെ നിലനിൽക്കുന്നു തുടങ്ങിയ ജീവിതവൈരുധ്യങ്ങൾ നോവൽ വായനക്കാരുടെ ചിന്തയ്ക്ക് വിഷയമാക്കുന്നു. കാലം മാറുമ്പോൾ നിസ്വാർഥമായ മഹത്തായ പ്രവൃത്തികൾ പോലും പരിഹാസ്യമായി തോന്നാമെന്ന വൈരുധ്യവും കൃതി അവതരിപ്പിക്കുന്നു. ഈ ചിന്തകളാണ് നോവലിന് സാർവലൗകികമായ പ്രസക്തി നൽകുന്നത്.

മലയാളത്തിലെ നീലം എന്ന നോവൽ ദി പാഡി വിസ്പറർ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത് ഒരേസമയം വെല്ലുവിളിയും ആനന്ദകരമായ അനുഭവവുമായിരുന്നു. പഴയൊരു കാലഘട്ടത്തിലെ ഭാഷയും ജീവിതരീതികളും രാഷ്ട്രീയ സാഹചര്യങ്ങളും കാർഷിക സമ്പദ്‌വ്യവസ്ഥയും ഫ്യൂഡൽ വ്യവസ്ഥയും അടിമത്തവും യാഥാസ്ഥിതികതയും നോവൽ പുനരാവിഷ്കരിക്കുന്നു. നാട്ടുരാജ്യങ്ങൾ നിലനിന്നിരുന്ന കാലവും ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പുകളും ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. ഇന്നത്തെ യുവ മലയാളി വായനക്കാർക്കുപോലും നേരിട്ടറിയാത്ത ഒരു കാലത്തെ ജീവിതവും സംസ്കാരവുമാണ് കൃതി വരച്ചുകാട്ടുന്നത്.

അതേസമയം, ഏറെക്കാലമായി വിസ്മൃതിയിലായ ഇടങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും വികാരങ്ങളിലേക്കും ഇംഗ്ലീഷ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാനുള്ള അവസരമായിരുന്നു ഈ വിവർത്തനം. മാഞ്ഞുപോകാറായ പരമ്പരാഗത ജ്ഞാനത്തിന്റെ മൃദുസ്വരങ്ങൾ കേൾക്കാനും ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ഏറ്റവും മികച്ച സവിശേഷതകൾ ഒത്തുചേരുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാനും ഈ കൃതി വായനക്കാർക്ക് അവസരമൊരുക്കുന്നു.