ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു
ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മറഡോണയുടെ അഭിഭാഷകനാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ഈ മാസം 11 ന് ആണ് അദ്ദേഹം ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ടത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്.ശസ്ത്രക്രിയ നടത്തി എട്ടു ദിവസത്തിനു ശേഷം മറഡോണ ആശുപത്രിവിടുകയും ചെയ്തു. മൂത്തമകളുടെ താമസസ്ഥലത്തിന് അടുത്തുള്ള വീട്ടിലാണ് അദ്ദേഹം വിശ്രമത്തിനായി തെരഞ്ഞെടുത്തത്. ലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്. 1986 ല്‍ അര്‍ജന്റീനയെ അദ്ദേഹം ലോകകപ്പ് ജേതാക്കളാക്കി. ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകള്‍ക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.
