ചാംപ്യന്‍ഷിപ് സീരീസ് ടെന്നിസ് ടൂര്‍ണമെന്റ്; ആദ്വൈതും ശ്രീ ശൈലേശ്വരിയും ചാംപ്യന്മാര്‍

 
pppo

കുമാരപുരം രാമാനാഥ കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ കേരള ടെന്നിസ് അക്കാദമിയില്‍ നടന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ ചാംപ്യന്‍ഷിപ് സീരീസ് അണ്ടര്‍ 16 ദേശീയ ടെന്നിസ് ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള താരം അദ്വൈതും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ ശ്രീ ശൈലേശ്വരിയും ചാംപ്യന്മാരായി.

കേരളത്തിന്റെ തന്നെ ആദര്‍ശിനെ 6-3, 6-1 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് അദ്വൈത് ചാംപ്യനായത്. തെലങ്കാനയുടെ സായ് അനന്യയെയാണ് ശ്രീ ശൈലേശ്വരി ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 1-6, 6-2, 6-3. ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ അദ്വൈതും സഹോദരന്‍ ആദിത്യനും അടങ്ങുന്ന സഖ്യം കിരീടം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ശ്രീ ശൈലേശ്വരി സഹോദരി ശ്രീ ശാസ്തായണിയോടൊപ്പം ചേര്‍ന്ന് കിരീടം സ്വന്തമാക്കി. കേരള താരങ്ങളായ ആദര്‍ശും ആബേല്‍ ജോ മനോജും അടങ്ങുന്ന സഖ്യത്തെ 6-0, 7-5 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് അദ്വൈതും ആദിത്യനും ഡബിള്‍സ് ചാംപ്യന്മാരായത്. തെലങ്കാന താരം സായ് അനന്യയും തമിഴ്നാടിന്റെ ലക്ഷ്മി സഹനയും ചേര്‍ന്ന സഖ്യത്തെ 6-1, 6-2 എന്ന സ്‌കോറിനാണ് ശ്രീ ശൈലേശ്വരിയും ശ്രീ ശാസ്തായണിയും പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് തിരുവനന്തപുരം ജില്ലാ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ജേക്കബ് ട്രോഫികള്‍ സമ്മാനിച്ചു.