ഐ-ലീഗ് ഫുട്‍ബോളിന് ഇന്ന് തുടക്കം

 
ISL




ഐ ലീഗ് ഫുട്‌ബോള്‍ സീസണ് ഇന്ന് മഞ്ചേരിയില്‍ തുടക്കം. വൈകീട്ട് 4.30ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരരായ ഗോകുലം കേരള എഫ്‌സി, കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദന്‍സിനെ നേരിടും. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവ പരിശീലിപ്പിക്കുന്ന ഗോകുലം ലക്ഷ്യം വെക്കുന്നത് ഹാട്രിക് കിരീടം. കോഴിക്കോട് രണ്ടു മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് ടീം ഹോം ഗ്രൗണ്ടില്‍ ഐ ലീഗിന് ഇറങ്ങുന്നത്.



12 മലയാളി താരങ്ങളെ അണിനിരത്തിയാണ് ഇക്കുറി ഗോകുലം  മത്സരത്തിനിറങ്ങുക. അർജുൻ ജയരാജ്‌, മുഹമ്മദ്‌ ജാസിം, ശഹജാസ് തെക്കൻ, റിഷാദ്, നൗഫൽ, താഹിർ സമാൻ, ഷിബിൻരാജ്, സൗരവ്, ശ്രീക്കുട്ടൻ, അഖിൽ പ്രവീൺ, രാഹുൽ രാജു, ഷിജിൻ എന്നിവരാണ് ഗോകുലത്തിലെ മലയാളി സാന്നിധ്യങ്ങൾ. ക്രിസ്‌റ്റി ഡേവിസ്, ഫസ്‌ലു റഹ്‌മാൻ എന്നീ മലയാളികൾ മുഹമ്മദൻസ് ടീമിനൊപ്പവുമുണ്ട്.




ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടെന്‍ ഗുല്‍മാരസ് പരുക്ക് കാരണം ആദ്യ മത്സരത്തിനില്ല. ഇത്തവണയും മലയാളി താരങ്ങള്‍ക്കാണ് ഗോകുലത്തില്‍ പ്രാമുഖ്യം. പരിക്കേറ്റ സൂപ്പര്‍ താരം മാര്‍ക്കസ് ജോസഫ് ഇല്ലാതെയാണ് മുഹമ്മദന്‍സ് ഇറങ്ങുന്നത്. കൊല്‍ക്കത്ത ലീഗിലും ഡ്യൂറന്റ് കപ്പിലും സമീപകാലത്ത് കാഴ്ചവെച്ച പ്രകടനമാണ് ആത്മവിശ്വാസം. ഫസലുറഹ്മാനും ക്രിസ്റ്റിയും മുഹമ്മദന്‍സിലെ മലയാളി മുഖങ്ങളാണ്. 12 ടീമുകള്‍ പങ്കെടുക്കുന്ന ഐ ലീഗിലെ ചാമ്പ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.