ഇന്ത്യ - ശ്രീലങ്ക ഏകദിനം; ടിക്കറ്റ് വില്‍പന ആരംഭിച്ചു.

 
p

ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ശ്രീ. അഡ്വ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. അപ്പര്‍ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. കഴക്കൂട്ടം എംഎല്‍എ ശ്രീ കടകംപള്ളി സുരേന്ദ്രന്‍ കേരള സീനിയര്‍ ടീമംഗമായ റോഹന്‍ പ്രേമിനെ ചടങ്ങില്‍വച്ച് ആദരിച്ചു. റോഹന് കെസിഎയുടെ ഉപഹാരമായി 5,16,800 രൂപയും സമ്മാനിച്ചു. 

ഫെഡറല്‍ ബാങ്ക്, പേടിഎം ഇന്‍സൈഡര്‍, മാത ഏജന്‍സീസ്,   മില്‍മ, അനന്തപുരി ഹോസ്പിറ്റല്‍ എന്നിവരുമായുള്ള ധാരണാപത്രങ്ങള്‍ ചടങ്ങില്‍വച്ചു കൈമാറി.  ഹയാത് റീജന്‍സിയാണ് ഹോസ്പിറ്റാലിറ്റി പാട്ണര്‍.

തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ്.എസ്.കുമാര്‍, വൈസ് പ്രസിഡന്റ് പി .ചന്ദ്രശേഖരന്‍, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, ഏകദിന മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ അഡ്വ.ശ്രീജിത് വി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും