തകർന്നടിഞ്ഞ് ഇന്ത്യ; ഫൈനല്‍ കാണാതെ പുറത്ത്

ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും തിളങ്ങി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. 28 പന്തുകളിൽ ഹെയിൽസ് ഫിഫ്റ്റി തികച്ചപ്പോൾ 36 പന്തിൽ ബട്ലറും അർധസെഞ്ചുറിയിലെത്തി.
ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 16ആം ഓവറിലെ അവസാന പന്തിൽ വിജയ റൺ നേടി.
അഡലെയ്ഡിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 169 എന്ന വിജയലക്ഷ്യം ഒരിക്കൽ പോലും ആശങ്കപ്പെടുത്തുന്ന തരത്തിലായിരുന്നില്ല ഇംഗ്ലണ്ടിന്റെ ബാറ്റിങ്. 47 പന്തിൽ 86 റൺസുമായി അലക്സ് ഹെയിൽസും 49 പന്തിൽ 80 റൺസുമായി ജോസ് ബട്‍ലറും പുറത്താകാതെ നിന്നു. ഇന്ത്യക്കായി പന്തെറിഞ്ഞവരെയെല്ലാം ഇവർ കണക്കിന് പ്രഹരിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.