ചരിത്രം തിരുത്തിക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

ആറ് വർഷങ്ങൾക്ക് ശേഷം ഗോവക്കെതിരെ സ്വന്തം തട്ടകത്തിൽ തീപ്പൊരി വിജയവുമായി കൊമ്പന്മാർ
 
ba
ഐ എസ് എൽ എട്ടാം സീസണിൽ ഗോവക്കെതിരെ തീപ്പൊരി വിജയവുമായി ബ്ലാസ്റ്റേഴ്‌സ്. ഇക്കുറി ചരിത്രം തിരുത്തിയെഴുതുക്കെയാണ് ബ്ലാസ്റ്റേഴ്‌സ്. 2016 ന് ശേഷം ആദ്യമാണ് ശക്തരായ എഫ് സി ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്. ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വന്തം തട്ടകമായ കൊച്ചിയിൽ ആർത്തിരമ്പുന്ന ആരാധകർക്ക് മുൻപിൽ  സീസണിലെ മൂന്നാമത്തെ വിജയം ബ്ലാസ്റ്റേഴ്‌സ് നേടിയത്.

ഗോവയുടെ വിജയിച്ചതോടെ പോയിന്റ് ടേബിളിൽ 9 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

 

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലെ ആദ്യ ലൈൻ അപ്പിൽ നിന്നും സൗരവ് മാൻഡാലിന് പകരം സഹൽ അബ്ദുൽ സമ്മദിനെയാണ് ഇന്ന് കളിക്കളത്തിലിറക്കിയത്. മറിച്ച് ഗോവ ഇന്ത്യൻ താരങ്ങളെയാണ് പ്രതിരോധ നിരയിൽ ഇറക്കിയത്. ആദ്യ പകുതിയിൽ പന്തടക്കം കയ്യിൽ വെച്ചായിരുന്നു ഗോവയുടെ മുന്നേറ്റം. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈക്കൽനിന്നും പന്ത് പോകുന്ന അവസരത്തിൽ ഗോൾകീപ്പർ പ്രഭാസുഖാൻ ഗിൽ രക്ഷകനായി. ഗോളെന്നുറപ്പിച്ച അവസരങ്ങളിൽ ഗിൽ വളരെ മനോഹരമായി കൈകാര്യം ചെയ്തു.


ആദ്യ പകുതിയുടെ അവസാനം 42 ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. മലയാളി താരം രാഹുൽ കെ പി യാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളിന് കാരണക്കാരനായത്. ഗോവൻ താരത്തെ വെട്ടിച്ച് പന്തുമായി വിങ്ങിലൂടെ മുന്നേറിയ രാഹുൽ ബോക്സിലോട്ട് പാസ്സ് നൽകുകയായിരുന്നു. പന്ത് ലഭിച്ച സഹൽ എതിർ താരങ്ങളിൽ നിന്നും പന്ത് കൈവശം വെച്ച് ആരാലും മാർക്ക് ചെയ്യപ്പെടാതെ സ്വതന്ത്രമായി നിന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് നൽകുകയും ലൂണ ഒരു തൂവൽ സ്പർശത്താൽ ഗോൾ ആക്കുകയും ചെയ്യുകയായിരുന്നു. ലീഡ് നേടിയ ആത്മവിശ്വാസത്തോടെ വീണ്ടും ഗോൾ നേടാൻ ബ്ലാസ്റ്റേഴ്‌സ് പാഞ്ഞു. ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോട് ഡയമന്തക്കോസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് പെനാലിറ്റി ലഭിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്തിൽ കിട്ടിയ പെനാലിറ്റി ദിമിത്രിയോസ് തന്നെ മനോഹരമായി ഗോളാക്കി മാറ്റി. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.

 

രണ്ടാം പകുതിയിലും ഗോവ പന്തടക്കം കൈവശം വെച്ചുകൊണ്ടായിരുന്നു നീക്കങ്ങൾ. എന്നാൽ 52 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിര താരം ഇവാൻ കലിയൂഷ്‌നിക്ക് മധ്യ നിരയിൽ നിന്നും ലഭിച്ച പന്ത് ഒരു വെടിയുണ്ട ഷോട്ടിലൂടെ ഗോവയുടെ ഗോൾ വല തുളച്ചു കയറ്റുന്ന ദൃശ്യമാണ് കാണാൻ സാധിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകളുടെ ആധിപത്യത്തിലെത്തി. ഒരു ഗോൾ പോലും തിരിച്ചടിക്കാനാവാത്ത ഗോവ പതറിയിരുന്നു. എന്നാൽ അൽപ നേരത്തിന് ശേഷം 67 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് പ്രതോരോധ നിരയെ കബളിപ്പിച്ചുകൊണ്ട് നോഹ സദ്ദോയി ഹെഡറിലൂടെ ഒരു ആശ്വാസ ഗോൾ കണ്ടെത്തി. എന്നാൽ രണ്ട് ഗോൾ ലീഡ് ഉണ്ടെങ്കിലും ഒരു ക്ളീൻ ഷീറ്റാണ് നഷ്ടപെട്ടത്. ഒരു ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തമാക്കി മുന്നേറി. നിശ്ചിത സമയം കഴിഞ്ഞ് ആറ് മിനുട്ട് അധിക സമയവും താണ്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് തിരുത്തിയത് ആറ് വർഷത്തെ ചരിത്രമായിരിന്നു, 2016 ന് ശേഷം ഗോവക്കെതിരെ വിജയിക്കാൻ സാധിച്ചില്ല എന്നുള്ള ചരിത്രം.

ഇനി അടുത്ത ശനിയാഴ്ച അതി ശക്തരായ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങുന്നത്. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെ നേരിടാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണ് പരിശീലകൻ ഇവാൻ വൂക്കോമനോവിച്ചും കൂട്ടരും.