സാഹയെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന് ബിസിസിഐയുടെ വിലക്ക്

 
criket
criket

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വ്യദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി. താരങ്ങളുടെ അഭീമുഖങ്ങള്‍ നടത്തുന്നത്, മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കുന്നത്, രാജ്യത്തെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വിലക്ക്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മൂന്നംഗ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.

ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ സിംഗ് ധുമാല്‍, ബിസിസിഐ ഉന്നതാധികാര സമിതി അംഗം പ്രഭ്‌തേജ് സിംഗ് ഭാട്ടിയ എന്നിവരുള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ആഗോള മത്സരങ്ങളില്‍ ബോറിയയെ വിലക്കുന്നതിനായി ഐസിസിക്കും കത്ത് നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

അഭിമുഖം നല്‍കാത്തതിന് സാഹയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ബോറിയ വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചു. സാഹ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമുഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോെട സംഭവം ചര്‍ച്ചയായി. മുന്‍ താരങ്ങളുള്‍പ്പടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം സാഹയ്ക്ക് പിന്തുണയുമായി എത്തി. തുടര്‍ന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അന്വേഷണത്തിന് ഉത്തരവിട്ടത്.

സാഹയുടെയും ബോറിയയുടെയും ഭാഗം കേട്ട ശേഷം ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ സമിതി ശുപാര്‍ശ ചെയ്തത്. സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമാണെന്നും സാഹ ചാറ്റുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ബോറിയ പറഞ്ഞു.