മഞ്ഞപ്പടവിട്ട് ‘ക്യാപ്റ്റന്‍ ജെസ്സല്‍’; ഇനി ബെംഗളൂരുവില്‍

ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് 2019ലാണ് ജെസ്സല്‍ കാര്‍നെയ്‌റോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഒരു വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ ജെസ്സല്‍ അരങ്ങേറ്റ സീസണില്‍ തന്നെ ലെഫ്റ്റ് ബാക്കായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു. ഇതോടെ താരത്തിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
അടുത്ത മാസം കരാര്‍ അവസാനിക്കാനിരിക്കെയാണ് താരം ബെംഗളൂരുവുമായി കരാറില്‍ ഒപ്പിടുന്നത്. അതിവേഗമാണ് ജെസല്‍ ക്ലബ്ബിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒരാളെന്നതിലുപരി ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമായത്. ക്ലബ്ബിലെ ആദ്യ നാളുകളില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിക്കുന്നത്.
സെര്‍ജിയോ സിഡോഞ്ചയുടെ പരുക്കിനെ തുടര്‍ന്ന് 2020-21 സീസണിലാണ് ജെസ്സല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനാവുന്നത്. 2021-22 സീസണില്‍ ഗോവ ആതിഥേയത്വം വഹിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുമ്പോള്‍ ആരാധകരുടെ സ്വന്തം ‘ക്യാപ്റ്റന്‍ ജെസ്സലാ’യിരുന്നു ടീമിനെ നയിച്ചത്.
ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ 66 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം ടീമിന് വേണ്ടി ആറ് തവണ വല കുലുക്കി. ലെഫ്റ്റ് ബാക്ക് ആയിരുന്നിട്ട് കൂടി ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഓടിയെത്താനുള്ള ജെസ്സലിന്റെ കഴിവ് ടീമിന് കരുത്ത് പകര്‍ന്നു.
ബെംഗളൂരുവിനെതിരെ വിവാദമായ നോക്കൗട്ട് മത്സരത്തിലാണ് ജെസല്‍ അവസാനമായി ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയത്. 76 മിനിറ്റ് കളിച്ച താരത്തെ കോച്ച് ഇവാന്‍ വുകോമനോവിച്ച് പിന്‍വലിക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍ കപ്പിലും താരത്തിന് കളിക്കാനായില്ല.