മലയാളക്കരയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക്

 
football

ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും ഉള്ളിലെ സ്വപ്നമായ യൂറോപ്യൻ രാജ്യങ്ങളിലെ ഫുട്ബോൾ കളിക്കാനുള്ള അവസരമെന്ന  സ്വപ്നസാക്ഷാത്കാരത്തിലേക്ക്   എത്തിച്ചേർന്നിരിക്കുകയാണ് മലപ്പുറം പുളിക്കൽ തൊട്ടിയൻപാറ സ്വദേശി അക്ബർ സിദ്ധിഖ് എൻ പി. ഇംഗ്ലീഷ് ക്ലബ്ബായ മോർ ക്യാമ്പ് എഫ് സി യിലെ പരിശീലനത്തിന് അവസരം ലഭിച്ച അക്ബർ ഇംഗ്ലണ്ടിലേക്ക് പറന്നു കഴിഞ്ഞു.കോഴിക്കോട് ദേവഗിരി കോളജ് മൈതാനത്ത് വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ മോർ ക്യാമ്പ് എഫ് സി പരിശീലകനായ സ്റ്റുവർട്ടും,മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ സ്‌ക്വാഡ് ഡേവിഡ് ഹോബ്‌സണും ചേർന്നാണ്   ഈ 23 കാരനെ തിരഞ്ഞെടുത്തത്. മുന്നേറ്റ നിരയിൽ കളിക്കുന്ന അക്ബറിനെ മാത്രമാണ് ഇന്ത്യയിൽ നിന്ന് എഫ് എ സ്‌പോർട്സ് മാനേജ്മെൻറ് സംഘടിപ്പിച്ച സെലക്ഷൻ ട്രയൽസിൽ മോർ ക്യാമ്പ് എഫ് സി ക്ക് വേണ്ടി തെരഞ്ഞെടുത്തത്. നാട്ടുകാർ അക്കു എന്നു വിളിക്കുന്ന അക്ബർ തന്റെ  വഴി ഫുട്ബോൾ ആണെന്ന് ഏഴാം ക്ലാസ് മുതൽ തിരിച്ചറിഞ്ഞിരുന്നു. പ്രൊഫഷണൽ ഫുട്ബോളിലേക്ക് അക്ബറിനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഫോസ ന്യൂ സോക്കർ അക്കാദമിയും പരിശീലകൻ സുബൈറും ആണ്. കൂടെ അക്ബറിന് സർവ പിന്തുണയും നൽകി തുടക്കം മുതൽ സ്വന്തം ക്ലബ്ബായ ബറ്റാലിയൻ തൊട്ടിയൻപാറയും ഉണ്ട്. എലത്തൂർ സ്വദേശിയായ മുഹമ്മദ് റാഫിയുടെയും പുളിക്കൽ തൊട്ടിയൻപാറ സ്വദേശിനി സുഹ്റയുടെയും മകനാണ് അക്ബർ. ചെറുപ്രായത്തിൽ തന്നെ പിതാവിനെ ഒരു അപകടത്തിൽ നഷ്ടപ്പെട്ട കുടുംബത്തിന്റെ ഭാവി പ്രതീക്ഷയാണ് അക്ബർ.

football

നിലവിൽ സന്തോഷ് ട്രോഫി ഫുട്ബോളിൽ ഫൈനൽ റൗണ്ടിലെത്തിയ കേരള ഫുട്ബോൾ ടീം അംഗം ആണ് അക്ബർ സിദ്ദീഖ്. പുതിയ ഷെഡ്യൂൾ പ്രകാരം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ തിയ്യതി നീട്ടിവെച്ചതും അക്ബറിന് ആശ്വാസമായിട്ടുണ്ട്. ചെറുപ്പം തൊട്ടേ ജീവവായു  പോലെ ഫുട്ബോളിനെ നെഞ്ചിലേറ്റിയവനാണ് അക്ബർ എന്ന് അടുത്തറിയുന്നവർ പറയുന്നു.ചേലേബ്ര NNMHS-ൽ പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് കേരള ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ട് പാർട്ണറായ പ്രൊഡ്ജി  ഫുട്ബോൾ അക്കാദമിക്ക് വേണ്ടി യൂത്ത് ഐ ലീഗിൽ ബൂട്ട് കെട്ടിയിട്ടുണ്ട് അക്ബർ. അക്കാലത്തു തന്നെ അണ്ടർ 17 ലോകകപ്പ് ടീമിലേക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാമ്പിലേക്കുള്ള അവസരം പരിക്കു വില്ലന്റെ രൂപത്തിൽ വന്ന് തട്ടി മാറ്റുകയായിരുന്നു. ദേശീയ സ്കൂൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിലും അംഗമായിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ വയനാട് യുണൈറ്റഡ് ന് വേണ്ടി ബൂട്ട് കെട്ടിസ്‌ട്രൈക്കറായി തിളങ്ങി. ഖത്തറിലെ കിയ ചാമ്പ്യൻസ് ലീഗിൽ യൂത്ത് ഫോറം ഖത്തറിന് വേണ്ടി കളിച്ചിരുന്നു. കൂടാതെ ഗോവയിൽ വെച്ച് കഴിഞ്ഞ മാസം നടന്ന മുപ്പത്തേഴാമത്‌  ദേശീയ ഗെയിംസിൽ ബ്രൗൺസ്മെഡൽ നേടിയ കേരള ടീമിന്റെ  വിശ്വസ്തരിൽ  ഒരാളായി മാറാനും അക്ബറിന്  കഴിഞ്ഞു. സമീപനാട്ടുകാരനും ഇന്ത്യൻ ഫുട്ബോളറായ അനസ് എടത്തൊടികയാണ്  തന്റെ പ്രചോദനം എന്ന് പറയുന്ന അക്ബർ ഇംഗ്ലീഷിൽ ബിരുദമെടുത്ത ശേഷം  കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ നിന്ന് ബി വോക് കോഴ്സ് ആയ അക്കൗണ്ടിങ് ആൻഡ് ടാക്സും പൂർത്തിയാക്കിയിട്ടുണ്ട്.