ബംഗ്ലാദേശ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച മലയാളി താരം മിന്നുമണി പുറത്തെടുത്തത് അഭിമാനനേട്ടം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ എട്ട് റണ്‍സിന്‍റെ ആവേശ ജയം ഇന്ത്യ സാധ്യമാക്കിയത് മിന്നുമണിയുടെയും ദീപ്തി ശര്‍മയുടെയും ഷഫാലി വര്‍മയുടെയും ബൗളിംഗ് മികവിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സിലൊതുക്കിയപ്പോള്‍ ബംഗ്ലാദേശ് വനിതകള്‍ അനായാസ ജയം സ്വപ്നം കണ്ടു.പൂജ വസ്ട്രക്കര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം ഓവര്‍ എറിയാനെത്തിയത് തന്‍റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന മിന്നുമണിയായിരുന്നു. തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മിന്നുമണി ബംഗ്ലാദേശിന് ആദ്യപ്രഹരമേല്‍പ്പിച്ചു. നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷാമിന സുല്‍ത്താനയെ മിന്നു, ഷഫാലി വര്‍മയുടെ കൈകളിലെത്തിച്ചു.
ആദ്യ ഓവര്‍ തന്നെ വിക്കറ്റ് മെയ്ഡിനാക്കിയ മിന്നു ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം ഓവറില്‍ ദീപ്തി ശര്‍മയും വിക്കറ്റെടുത്തതോടെ ബംഗ്ലാദേശ് തകര്‍ന്നു തുടങ്ങി. പവര്‍ പ്ലേയിലെ നാലാം ഓവര്‍ എറിയാനായി വീണ്ടുമെത്തിയ മിന്നുമണി വഴങ്ങിയത് വെറും രണ്ട് റണ്‍സ്. മുര്‍ഷീദ ഖാത്തൂണിനെതിരെ ശക്തമായ എല്‍ബിഡബ്ല്യൂ അപ്പീല്‍ ഉയര്‍ത്തിയെങ്കിലും അതിജീവിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറും എറിഞ്ഞത് മിന്നുവായിരുന്നു. വഴങ്ങിയത് വെറും നാലു റണ്‍സും. തന്‍റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ റിതു മോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ മിന്നു ആ ഓവറില്‍ വിട്ടുകൊടുത്തതാകട്ടെ വെറും നാലു റണ്‍സ്.അങ്ങനെ പവര്‍പ്ലേയിലെ മൂന്നോവര്‍ അടക്കം നാലോവറില്‍ മിന്നു വഴങ്ങിയത് വെറും ഒമ്പത് റണ്‍സ്, രണ്ട് വിക്കറ്റ്. അരങ്ങേറ്റ മത്സരത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും മിന്നിത്തിളങ്ങിയിരിക്കുകയാണ് മിന്നുമണി. ഇന്ത്യന്‍ ബൗളര്‍മാരില്‍ 10ല്‍ താഴെ റണ്‍സ് വഴങ്ങിയ ഒരേയൊരു ബൗളറും മിന്നുമണിയാണ്. മികച്ച പ്രകടനത്തിനൊപ്പം ഇന്ത്യയുടെ വിജയം കൂടിയെത്തിയപ്പോള്‍ ഇരട്ടിമധുരം.
ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ എട്ട് റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ പത്ത് റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വിക്കറ്റ് നേടി ഷെഫാലി വര്‍മ ആതിഥേയരെ പരാജയത്തിലേക്ക് തള്ളിവിട്ടു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട്് വിക്കറ്റ് നേടി.38 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. 30 റണ്‍സിനിടെ നാല് വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. ഇതില് രണ്ടും മിന്നുവിനായിരുന്നു. ഷമീമ സുല്‍ത്താന (5), റിതു മോനി (4) എന്നിവരെയാണ് മിന്നു പുറത്താക്കിയത്. ഷതി റാണി (5), മുര്‍ഷിദ ഖതുന്‍ (4) എന്നിവരാണ് പുറത്തായ മറ്റുരണ്ട് പേര്‍. സുല്‍ത്താനയുടെ ഇന്നിംഗ്‌സ് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
എന്നാല്‍ ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. ഷോര്‍ണ അക്തര്‍ (7), റബേയ ഖാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സുല്‍ത്താനയും മടങ്ങി. നഹിദ അക്തര്‍ (6), ഫഹിമ ഖതുന്‍ (0), മറൂഫ അക്തര്‍ (0) എന്നിവരെ ഷെഫാലി അവസാന ഓവറില്‍ മടക്കി. റബേയ ഖാന്‍ അതേ ഓവറില്‍ (0) അതേ ഓവറില്‍ റണ്ണൗട്ടുമായതോടെ ബംഗ്ലാ വനിതകള്‍ തോല്‍വി സമ്മതിച്ചു.
നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13) - ഷെഫാലി സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി നഹിദ അക്തര്‍ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തുടരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. ഷെഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (0) തൊട്ടടുത്ത പന്തുകളിലും മടങ്ങി. ജമീമ റോഡ്രിഗസ് (8), യഷ്ടിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിന്നുവിനൊപ്പം പൂജ വസ്ത്രകര്‍ പുറത്താവാതെ നിന്നു. നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി നേടിയിരുന്നു.