സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഐപിഎൽ കിരീടം മാത്രം പോരാ: മുൻ സെലക്ടർ

 
sanju

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് മുൻ ഇന്ത്യൻ സെലക്ടർ ശരൺദീപ് സിംഗ്. രാജസ്ഥാൻ റോയൽസിനായി ഐപിഎൽ കിരീടം നേടിയാലും സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കിരീട നേട്ടം കൊണ്ട് മാത്രം കാര്യമില്ല, വ്യക്തിഗത പ്രകടനമാണ് മാനദണ്ഡമെന്നും ശരൺദീപ് സിംഗ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 

ഐപിഎൽ കിരീടം പ്രധാനമാണ്, പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടും. താൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം.

‘സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. അടുത്തിടെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടി. തീർച്ചയായും ഋഷഭ് പന്ത് മറ്റൊരു ഓപ്ഷനാണ്. മാത്രമല്ല കഴിഞ്ഞ വർഷം ദിനേശ് കാർത്തിക്കും തിരിച്ചുവരവ് നടത്തിയിരുന്നു. അതുകൊണ്ടാണ് ചിലപ്പോൾ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തത്. പക്ഷേ ഏകദിനത്തിൽ സഞ്ജു തിളങ്ങിയെന്നത് എടുത്ത് പറയണം. മധ്യനിരയിൽ കളിച്ച സഞ്ജുവിൻ്റെ പ്രകടനം മികച്ചതായിരുന്നു’ – ശരൺദീപ് സിംഗ് കൂട്ടിച്ചേർത്തു.