ഐഎസ്എൽ; ഗോളിനെച്ചൊല്ലിയുള്ള തർക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി മുൻ താരങ്ങൾ

 
isl

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫിൽ ഫ്രീകിക്ക് ഗോളിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കളി പൂർത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമ്മിശ്ര പ്രതികരണമായി മുൻ താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻതാരവും സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റുമായ യു ഷറഫലി രംഗത്തെത്തി. ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമിനെ പിൻ വലിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും, മാന്യമായ നടപടിയല്ലെന്നും ഷറഫലി പറഞ്ഞു.

ഈ കാലഘട്ടത്തിൽ, ടീമുകൾക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. റഫറിയുടെ തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിൽ, അവർക്ക് മാച്ച് കമ്മീഷണർക്ക് പരാതി നൽകുകയോ സംഘാടകർക്ക് അപ്പീൽ നൽകുകയോ ചെയ്യാം. എന്നാൽ ടീമിനെ ഗ്രൗണ്ടിൽ നിന്ന് പിൻവലിക്കുന്നത് ശരിയല്ലെന്നും ഷറഫലി കൂട്ടിച്ചേർത്തു.

അതേസമയം, സുനിൽ ഛേത്രി നേടിയ ഗോള്‍ നിയമപരമായി ശരിയാണെങ്കിലും അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരു കളിക്കാരന്‍ അത്തരത്തിലുള്ള മാര്‍ഗത്തിലൂടെ ഒരു മത്സരം ജയിക്കാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞില വ്യക്തമാക്കി. ഇന്ത്യൻ ഫൂട്ബോൾ ഇതിഹാസമായാണ് എല്ലാവരും ഛേത്രിയെ കാണുന്നത്, എന്നാൽ ഇത് അദ്ദേഹത്തിന്റെ ഭാഗത്തുന്നിന്നുണ്ടായ മാന്യതയില്ലാത്ത പെരുമാറ്റമായിരുന്നെന്നും മഞ്ഞില കൂട്ടിചേർത്തു.