ജംഷേദ്പൂരിന് വീണ്ടും സമനില
ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഐ.എസ്.എല്ലില്‍ സമനില. ഐ.എസ്.എല്‍. ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സി.-ജംഷഡ്പുര്‍ മത്സരത്തിലാണ് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞത്. മത്സരത്തില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചതും കൂടുതല്‍ ആക്രമിച്ചു കളിച്ചതും ഹൈദരാബാദ് എഫ്.സി. ആയിരുന്നു. പക്ഷേ അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല.
ആദ്യം മുതല്‍ ആക്രമിച്ചു കളിച്ചത് ഹൈദരാബാദായിരുന്നു. ഒന്നാം പകുതിയില്‍ നര്‍സാരിയുടെ ഒരു മികച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹൈദരാബാദിന്റെ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. 49-ാം മിനിറ്റില്‍ അവര്‍ ലീഡെടുത്തു.
സാന്റാനയായിരുന്നു സ്കോറര്‍. മുന്നേറ്റത്തില്‍ തകര്‍ത്തുകളിച്ച നര്‍സാരി ആണ് അവസരം തുറന്നെടുത്തത്. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ജംഷഡ്്പൂര്‍ 85-ാം മിനിറ്റില്‍ സമനില പിടിച്ചു.
ഇസെയുടെ വകയായിരുന്നു സമനില ഗോള്‍. മൂന്ന് മത്സരത്തില്‍ 2 പോയിന്റുമായി ലീഗില്‍ ഏഴാമതാണ് ജംഷഡ്പൂര്‍. 5 പോയിന്റുള്ള ഹൈദരാബാദ് നാലാമതാണ്. ഇന്ന് രാത്രി 7.30ന് നടക്കുന്ന കളിയില്‍ എ.ടി.കെ. മോഹന്‍ ബഗാന് ഒഡീഷയെ നേരിടും.
മൂന്നു കളികളില്‍നിന്ന് ആറുപോയിന്റുള്ള മുംബൈ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. രണ്ടു കളികളില്‍നിന്ന് ആറു പോയിന്റുള്ള മോഹന്‍ ബഗാന് രണ്ടാമതാണ്. ഇന്നു ജയിക്കാന്‍ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ അവര്‍ക്ക് ഒന്നാമതെത്താം.
