ശ്രീജേഷ് കൊച്ചിയിലെത്തി, മധുരമുള്ള വരവേല്‍പ്
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഒളിംപിക്സ് ഹോക്കിയില് ഇന്ത്യയ്ക്ക് വെങ്കല മെഡല് സമ്മാനിക്കുന്നതില് നിര്ണായക പങ്കുവഹിച്ച മലയാളി ഗോള്കീപ്പര് പി.ആര്. ശ്രീജേഷ് കൊച്ചി വിമാനത്താവളത്തിലെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാൻ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്.ഹോക്കിയില് രാജ്യത്തിന്റെ അഭിമാനമായ ശ്രീജേഷിന് സംസ്ഥാന സര്ക്കാര് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില് തിരിച്ചെത്തിയത്. ഒളിംപിക്സ് മെഡലുകള്ക്ക് പിന്നാലെ തങ്ങളുടെ താരങ്ങള്ക്ക് മറ്റ് സംസ്ഥാനങ്ങള് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജര്മനിയെ 5-4ന് മലര്ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ചരിത്രം കുറിക്കുന്ന സേവിലൂടെ ശ്രീജേഷ് എന്ന ഗോൾ കീപ്പർ രാജ്യത്തെ മെഡൽ നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു. ഒളിംപിക്‌സ് ഹോക്കിയില്‍ രാജ്യം 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര് ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം.
