എട്ട് രാജ്യങ്ങളിലെ 225ലേറെ താരങ്ങൾ; ഇന്ത്യ ജൂനിയർ ഇന്റർനാഷണൽ സീരീസിന് തുടക്കം

 
kotak

കൊച്ചി: ഇന്ത്യ ജൂനിയർ ഇന്റർനാഷണൽ സീരീസ് 2026ന് കോട്ടക് പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ  തുടക്കമായി. ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിൽ നിന്നായി 225ലധികം ജൂനിയർ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഇന്ത്യ, ഇംഗ്ലണ്ട്, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിൽ മാറ്റുരയ്ക്കുന്നത്. 

അന്താരാഷ്ട്ര ജൂനിയർ താരങ്ങളുമായി മത്സരിക്കാനും വിലപ്പെട്ട ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ  റാങ്കിങ് പോയിന്റുകൾ നേടാനും ഇന്ത്യൻ താരങ്ങൾക്ക് ടൂർണമെന്റ് അവസരമൊരുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കായികമികവിനൊപ്പം സൗഹൃദവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 23നാണ് ഫൈനൽ മത്സരങ്ങളും തുടർന്ന് സമ്മാനദാന ചടങ്ങും.

കോട്ടക് മഹീന്ദ്ര ബാങ്കും പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യുവ ബാഡ്മിന്റൺ താരങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അക്കാദമിയിലെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളും മത്സരവേദിയും യുവതാരങ്ങൾക്ക് ഉയർന്ന തലത്തിലുള്ള മത്സരപരിചയം നേടാൻ സഹായിക്കും.

"ജൂനിയർ തലത്തിലെ രാജ്യാന്തര മത്സരങ്ങൾ താരങ്ങളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നു. വ്യത്യസ്ത കളിശൈലികൾക്കെതിരെ കഴിവ് പരീക്ഷിക്കാനും ആത്മവിശ്വാസം വളർത്താനും ഉയർന്ന തലത്തിലുള്ള മത്സരങ്ങളുടെ ആവശ്യകത മനസ്സിലാക്കാനും ഇത്തരം മത്സരങ്ങൾ സഹായിക്കും. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും മികച്ച ജൂനിയർ താരങ്ങളെ ഒരുമിച്ചെത്തിക്കുന്ന ഇന്ത്യ ജൂനിയർ ഇന്റർനാഷണൽ സീരീസ് പഠനത്തിനും വളർച്ചയ്ക്കുമുള്ള മികച്ച വേദിയാണ്.”  ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ ചീഫ് നാഷണൽ കോച്ച്, പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ ഫൗണ്ടേഷൻ സ്ഥാപകൻ പുല്ലേല ഗോപിചന്ദ് പറഞ്ഞു.