റേസ്' ബൈ സഞ്ജു സാംസണ്‍ ക്രിക്കറ്റ് അക്കാദമി ചാലക്കുടിയില്‍ ആരംഭിക്കുന്നു

 
Race
ചാലക്കുടി- റേസ് ബൈ സഞ്ജു സാംസണ്‍ ക്രിക്കറ്റ് അക്കാദമിയുടെ ലോഗോ പ്രകാശനം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ചലച്ചിത്ര താരങ്ങളായ ദിലീപ്,  ടൊവീനോ തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കോച്ച് ബിജു ജോര്‍ജ്,  സ്‌പോര്‍ട്ട്‌സ് കമന്റേറര്‍ ഷൈജു ദാമോദരന്‍,  റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ റാഫേല്‍ പൊഴോലിപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്രിക്കറ്റ് അക്കാദമി റേസ് ബൈ സഞ്ജു സാംസണ്‍ സ്പോര്‍ട്സിനും ക്രിക്കറ്റിനുമപ്പുറം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് 'റേസ്' (റാഫേല്‍ അക്കാദമി ഓഫ് ക്രിക്കറ്റ് എക്‌സലന്‍സ്) ബൈ സഞ്ജു സാംസണ്‍!

റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ റാഫേല്‍ പൊഴോലിപ്പറമ്പിലിന്റെയും സഞ്ജു സാംസണിന്റെയും ആശയത്തില്‍ നിന്നുണ്ടായ സംരംഭമാണ് റേസ് ബൈ സഞ്ജു സാംസണ്‍. കെസിഎല്‍ ഫ്രാഞ്ചൈസിയായ ആലപ്പി റിപ്പിള്‍സുമായുള്ള പങ്കാളിത്തത്തിന് പുറമെ, കായികരംഗത്തെ റാഫേല്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ സജീവ നിക്ഷേപമായിരിക്കും റേസ്. ക്രിക്കറ്റ് പരിശീലകന്‍ ബിജു ജോര്‍ജ്, സംരംഭകരായ ജീമോന്‍ പുല്ലേലി, ദിവ്യ രാജന്‍ എന്നിവരുടെ പിന്തുണയോടെയാണ് സഞ്ജുവും റാഫേലുമിതാരംഭിക്കുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നല്‍കാനും, കളിക്കാരെ ഉയര്‍ന്ന തലങ്ങളിലേക്ക് സജ്ജമാക്കാനും കഴിയുന്ന ഒരു റെസിഡന്‍ഷ്യല്‍ ക്രിക്കറ്റ് അക്കാദമിയായാണ് റേസ് വിഭാവനം ചെയ്തിരിക്കുന്നത്. എ എക്സ് വൈ ഇസെഡ് വെഞ്ചേഴ്‌സ് ക്രിക്കറ്റ് സൗകര്യത്തിന് ഏറ്റവും അനുയോജ്യമായ 11 ഏക്കര്‍ ടേബിള്‍ ടോപ്പ് ഭൂമി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 100,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, സുസ്ഥിരവും അത്യാധുനികവുമായ ഒരു പൂര്‍ണ്ണ റെസിഡന്‍ഷ്യല്‍ ആശയം പ്രദാനം ചെയ്യുന്നതാണ് റേസ് ബൈ സഞ്ജു സാംസണ്‍. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 20 കോടി രൂപ ചെലവ് കണക്കാക്കുന്നു.  

2026 സെപ്റ്റംബറോടെ പ്രവര്‍ത്തനമാരംഭിക്കുന്ന അക്കാദമി, ക്രിക്കറ്റിനെ ഒരു കരിയറായി കണക്കാക്കുന്ന ലോകമെമ്പാടും നിന്നുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ ലക്ഷ്യമിടുന്നു. 9 നും 16 നും ഇടയില്‍ പ്രായമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കാണ് പ്രവേശനം. താങ്ങാനാകുന്ന ഫീസില്‍ 100% റെസിഡന്‍ഷ്യല്‍ പാക്കേജാണ് റേസ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് പരിശീലനം, ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് (ഐബി) വിദ്യാഭ്യാസം, പ്രത്യേകവും ശാസ്ത്രീയവുമായ ആസൂത്രിത പോഷകാഹാര പദ്ധതികള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍, മൊത്തത്തിലുള്ള ക്ഷേമം എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. 11 ഏക്കര്‍ വിസ്തൃതിയില്‍ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, മൂന്നു സ്വതന്ത്ര കോംപ്ലക്സുകളിലായി സ്റ്റുഡന്റ് ഡോമുകള്‍ സ്റ്റഡി, എന്റര്‍ടെയ്ന്‍മെന്റ് സോണുകള്‍, സ്വിമ്മിംഗ് പൂള്‍, ടര്‍ഫ് നെറ്റ്സ്, ബാഡ്മിന്റണ്‍, പാഡല്‍, ഷൂട്ടിംഗ് റേഞ്ച് എന്നിവ ഉള്‍ക്കൊള്ളുന്നു. ഇന്‍ഡോര്‍ ആവശ്യങ്ങള്‍ക്കായി ചെറിയ കണ്‍വെന്‍ഷന്‍ സെന്റര്‍, യോഗ സോണുകള്‍, വിസിറ്റിങ് ടീമുകള്‍ക്കുള്ള ഡോമുകള്‍ എന്നിവയുമുണ്ടാകും.

റേസ് ബൈ സഞ്ജു സാംസണിനു റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അഫിലിയേറ്റ് പാര്‍ട്ണറായ കെ ഐ സിയുടെ (കേരള ഇന്‍ഫ്‌ലുവന്‍സര്‍ കമ്മ്യൂണിറ്റി) പിന്തുണയുമുണ്ട്. ലോകമെമ്പാടുമുള്ള യുവ പ്രതിഭകള്‍ക്കായി അക്കാദമിയുടെ ഓഫറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും റേസിനെ കെ ഐ സി പിന്തുണക്കും.
മികച്ച   പ്രതിഭകളെ  കണ്ടെത്തി പരിശീലിപ്പിക്കുന്നതിനുള്ള അക്കാദമിയുടെ ലക്ഷ്യം സഞ്ജു സാംസണ്‍ ഫൗണ്ടേഷനുമായി സഹകരിച്ച്, കെ ഐ സി ഉറപ്പാക്കും


റേസ് ബൈ സഞ്ജു സാംസണ്‍ ഇതിനകം തന്നെ വിദേശ വിദ്യാഭ്യാസ പങ്കാളികളുമായി ഫ്ലെക്സിബിള്‍ ഐബി പാഠ്യപദ്ധതിക്കുള്ള വിപുലമായ ചര്‍ച്ചയിലാണ്. റേസ് ബൈ സഞ്ജു സാംസണില്‍ ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്നതിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിദേശ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം നേടാനും കഴിയും. ഇതുവഴി ക്രിക്കറ്റിന് അതീതമായി ഒരു തൊഴിലധിഷ്ഠിത പ്ലാറ്റ്ഫോമും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആഗോള ടാലന്റ് സ്‌കൗട്ട് റോള്‍ ചെയ്യുന്ന വിഖ്യാത പരിശീലകനായ ബിജു ജോര്‍ജ്ജാണ് റേസ് ബൈ സഞ്ജു സാംസണ്‍ നയിക്കുന്നത്. ഇന്ത്യന്‍ വനിതാ ടീമിനെ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനു പുറമേ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ഫീല്‍ഡിംഗ് പരിശീലകനായിരുന്നു ബിജു ജോര്‍ജ്ജ്. മികച്ച കഴിവുകളും ട്രാക്ക് റെക്കോര്‍ഡുമുള്ള മറ്റ് രാജ്യാന്തര പരിശീലകരും റേസ് ബൈ സഞ്ജു സാംസണില്‍ ഉണ്ടാകും.

വരും വര്‍ഷങ്ങളില്‍ യുഎസ്എ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി റേസ് ഒരു പരിശീലന രീതി വികസിപ്പിച്ചെടുക്കും.