കെസിഎല്‍ രണ്ടാം എഡിഷന്‍- സോണി ചെറുവത്തൂര്‍ ആലപ്പി റിപ്പിള്‍സ് മുഖ്യ പരിശീലകന്‍.

ആലപ്പുഴ: കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റന്‍ സോണി ചെറുവത്തൂരിനെ കോച്ചായി നിയമിച്ചും പരിചയസമ്പന്നരായ നാല് താരങ്ങളെ നിലനിര്‍ത്തിയും ആലപ്പി റിപ്പിള്‍സ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. മുഖ്യ പരിശീലകനായ സോണി കളിക്കാരന്‍, പരിശീലകന്‍, ക്രിക്കറ്റ് അനലിസ്റ്റ് എന്നീ നിലകളില്‍ പരിചയ സമ്പന്നനാണ്. മൂന്ന് രഞ്ജി ട്രോഫി ടൂര്‍ണമെന്റുകളില്‍ സോണി ചെറുവത്തൂര്‍ കേരളത്തെ നയിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ അതിവേഗത്തില്‍ 100 വിക്കറ്റുകള്‍ നേടിയ കേരള ബൗളര്‍, രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടിയ രണ്ട് കേരള ബൗളര്‍മാരില്‍ ഒരാള്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
2011ലെ കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള എസ്.കെ. നായര്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഇന്ത്യ അണ്ടര്‍ 19 സോണല്‍ ക്യാംപിലെ പരിശീലകന്‍, കേരള അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകളുടെ മുഖ്യപരിശീലകന്‍, 2019ലെ കേരള രഞ്ജി ട്രോഫി ടീമിന്റെ ബൗളിങ് പരിശീലകന്‍, പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിന്റെ സെലക്ടര്‍ എന്നീ നിലകളിലും അദ്ദേഹം പരിചയസമ്പന്നനാണ്. സോണി ചെറുവത്തൂര്‍ മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍ കൂടിയാണ്.
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഗ്നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെ രണ്ടാം സീസണിലേക്കുള്ള ടീമില്‍ ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തിയിരുന്നു. രഞ്ജി ട്രോഫി ഫൈനലിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റംകുറിച്ചു മികവുകാട്ടിയ ചൈനാമാന്‍ സ്പിന്നര്‍ വിഗ്നേഷ് പുത്തൂര്‍, ഇടങ്കയ്യന്‍ ഓള്‍റൗണ്ടറായ അക്ഷയ് ചന്ദ്രന്‍, അക്ഷയ്.ടി.കെ എന്നിവരെ നിലനിര്‍ത്തി ശനിയാഴ്ച നടക്കുന്ന താരലേലത്തിന് മുന്നോടിയായി മികച്ച അടിത്തറ ഇടുകയാണ് റിപ്പിള്‍സ്.