ഐഎസ്‌എല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മുംബൈ സിറ്റി എഫ്‌സി
ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളില് ഈസ്റ്റ് ബംഗാളിനെതിരേ മുംബൈ സിറ്റി എഫ്.സിക്ക് ഏകപക്ഷീയമായ മൂന്നു ഗോളിന്റെ തകര്പ്പന് ജയം.
ജി.എം.സി. സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ആഡം ലെ ഫോന്ദ്രെ ഇരട്ട ഗോളുകളടിച്ചു. ഹെര്നാന് സന്റാനയാണ് ഒരു ഗോളിന്റെ അവകാശി. മൂന്ന് കളികളില്നിന്ന് ആറ് പോയിന്റ് നേടിയ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തെത്തി. ഐ.എസ്.എല്ലില് ആദ്യമായി കളിക്കുന്ന ഈസ്റ്റ് ബംഗാള് രണ്ടാമത്തെ മത്സരത്തിലും തോല്വിയറിഞ്ഞു. ഈസ്റ്റ് ബംഗാള് അവസാന സ്ഥാനത്താണ്.
കളിയുടെ 59 ശതമാനം സമയത്തും പന്ത് കൈവശം വച്ച മുംബൈക്കാര്‍ ഏഴാം സീസണിലെ മികച്ച ജയമാണു കുറിച്ചത്‌്. ആഡം ലെ ഫോന്ദ്രെയെ ഒറ്റയാള്‍ സ്‌ട്രൈക്കറാക്കിയ കോച്ച് സെര്‍ജിയോ ലോബേരയുടെ 4-2-3-1 ഫോര്‍മേഷന്‍ ഇന്നലെ കുറിക്കു കൊണ്ടു. ബല്‍വന്ത് സിങ്ങിനെ മുന്നില്‍ നിര്‍ത്തിയ അതേ ഫോര്‍മേഷനിലാണ് ഈസ്‌റ്റ് ബംഗാള്‍ കോച്ച് റോബി ഫൗളറും ടീമിനെ ഇറക്കിയത്.
കിക്ക് ഓഫ് മുതല്‍ മുംബൈ ആക്രമണം തുടങ്ങി. ഒന്‍പതാം മിനിറ്റില്‍ ഹ്യൂഗോ ബൗമസിന്റെ മിന്നല്‍ ഷോട്ട് ഈസ്‌റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബജിത് മജൂംദാര്‍ പറന്നു പിടിച്ചു. സുര്‍ചന്ദ്ര സിങ് പന്ത് ക്ലിയര്‍ ചെയ്യാന്‍ വൈകിയതാണു ഗോളിന് അടുത്തു വരെയെത്താന്‍ കാരണം. 20-ാം മിനിറ്റില്‍ ഈസ്‌റ്റ് ബംഗാള്‍ വലയില്‍ പന്തെത്തി. റൗളിംഗ് ബോര്‍സിന്റെ ലോംഗ് ബോളുമായി ബൗമസ് ഈസ്‌റ്റ് ബംഗാള്‍ ഡിഫന്‍ഡര്‍മാരെ ഓരോരുത്തരെയായി മറികടന്ന് ഗോള്‍ മുഖം ലക്ഷ്യമാക്കിയുള്ള മുന്നേറ്റമാണു ഗോളിനു വഴിയായത്. കാത്തുനിന്ന ലെ ഫോന്ദ്രെയ്‌ക്കു ബൗമസ് പന്ത് മറിച്ചു നല്‍കി.
പ്രതിരോധക്കാര്‍ ബൗമസിനു പിന്നാലെയായിരുന്ന നിമിഷം. കിട്ടിയ അവസരം ലെ ഫോന്ദ്രെ പ്രയോജനപ്പെടുത്തി. ദേബജിതിനെ കാഴ്‌ചക്കാരനാക്കി പന്ത് വലയില്‍. കഴിഞ്ഞ സീസണില്‍ ഗോള്‍ പങ്കാളിത്തത്തില്‍ മുമ്പനായിരുന്നു ഹ്യൂഗോ ബൗമസ്.
ഇന്നലെ മുംബൈ സിറ്റിയുടെ വിജയ ശില്‍പ്പിയായതും ബൗമസാണ്. മുംബൈ സിറ്റി നേടിയ മൂന്ന് ഗോളുകളും ഒരുക്കിയത് ബൗമസ് ആയിരുന്നു. 49-ാം മിനിറ്റിലാണു രണ്ടാം ഗോള്‍ വീണത്. ഗോള്‍ കീപ്പര്‍ ദേബജിത് ബൗമസിനെ വീഴ്‌ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു.
ഈസ്‌റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കാര്‍ഡ് കാണാതെ രക്ഷപ്പെട്ടതു റഫറിയുടെ കാരുണ്യമായിരുന്നു. സ്‌പോട്ട് കിക്കെടുത്ത ലെ ഫോന്ദ്രെ ഈ ദയ കാണിച്ചില്ല. ദേബജിതിനെ തെറ്റായ ദിശയിലേക്കു ചാടാന്‍ പ്രേരിപ്പിച്ച ലെ ഫോന്ദ്രെ അനായാസം ലക്ഷ്യം കണ്ടു. പത്ത് മിനിറ്റുകള്‍ക്കു ശേഷം ഹെര്‍നാന്‍ സന്റാനയിലൂടെ മൂന്നാം ഗോളും പിറന്നു. ജാഹോയുടെ ഫ്രീകിക്കാണു ഗോളിനു വഴിയായത്. പ്രതിരോധക്കാരുടെ തലയ്‌ക്കു മുകളിലൂടെ പറന്നെത്തിയ പന്ത് ബൗമസ് വോളിയലൂടെ സന്റാനയ്‌ക്കു നല്‍കി. കിട്ടിയ അവസരം സന്റാനയും പാഴാക്കിയില്ല.
