ഇനി ആളുകളെ എളുപ്പത്തില്‍ ഗ്രൂപ്പില്‍ ചേര്‍ക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

 
whatsapp

ഉപയോക്താവിന്റെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് ഗ്രൂപ്പ് ചാറ്റില്‍ നിന്ന് കൊണ്ടുതന്നെ പുതിയ ഉപയോക്താക്കളെ ഗ്രൂപ്പില്‍ ചേര്‍ക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിലവില്‍ ഗ്രൂപ്പില്‍ പുറത്തുനിന്നുള്ളയാളെ ചേര്‍ക്കണമെങ്കില്‍ ഗ്രൂപ്പ് ഇന്‍ഫോ സെക്ഷനില്‍ പോകണം. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ പുതിയയാളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കുന്നത് എളുപ്പമാകും. ഗ്രൂപ്പ് ചാറ്റില്‍ തെളിഞ്ഞുവരുന്ന ബാനറിന്റെ സഹായത്തോടെയാണ് പുതിയ ആളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കേണ്ടത്. ബാനറിന്റെ സഹായത്തോടെ, മറ്റു ഉപയോക്താക്കളെ ക്ഷണിച്ച് ഗ്രൂപ്പില്‍ ചേര്‍ക്കുന്ന രീതിയാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.

ഗ്രൂപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. അതായത് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഈ ഫീച്ചര്‍ എനൈബിള്‍ ചെയ്ത് വെയ്ക്കുകയോ ഡിസെബിള്‍ ചെയ്ത് വെയ്ക്കുകയോ ചെയ്യാം. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.