മുന്നണികളെ അടി തെറ്റിച്ച സ്ത്രീ സാന്നിദ്ധ്യങ്ങള്‍
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന കേസുകൾ രാഷ്ട്രീയ വിവാദമാവുന്നത് തുടരുന്നു.
ഐ റ്റി വകുപ്പിലെ ഉദ്യാഗസ്ഥയായ സ്വപ്ന സുരേഷ് സ്വർണ്ണ കള്ളക്കടത്തു കേസിൽ കുറ്റാരോപിതയാവുകയും അവരെ പിരിച്ചു വിടുകയും ചെയ്തതോടെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി രംഗത്ത് വന്നു.
തിരഞ്ഞെടുപ്പിനു 11 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ആരോപണം ഉയർന്നു വരുന്നത്.ഉമ്മന്ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് ഉയർന്നു വന്ന സരിത എസ് നായർ ഉൾപ്പെട്ട സോളാര് കേസാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദയനീയമായ തോൽവിയിലേക്ക് ആ സർക്കാരിനെ എത്തിച്ചത്,
ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ വിവാദം ഉണ്ടാക്കിയ ഒരു കേസാണ് എ കെ ശശീന്ദ്രനെതിരയുള്ള ഹണി ട്രാപ് കേസ്.
2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ ആരോപണ വിധേയനായതിനെ തുടർന്ന് അന്ന് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ 2018 ഫെബ്രുവരി 1-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സരിത അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെയാണ് പ്രധാനമായും ആരോപണമുന്നയിച്ചത്.. എന്നാൽ . മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരെയും ആരോപണം വന്നിരുന്നു . കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായത് കേസുമായി ബന്ധപ്പെട്ട് അന്നത്തെ അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയപരാതിയായിരുന്നു. ജനതാദള്‍ എസ് നേതാവും എംഎല്‍എയുമായിരുന്ന ജോസ് തെറ്റയിലിനെതിരെ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ലൈംഗിക ആരോപണം ഉയർന്നിരുന്നു.
വളരെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ഒരു ലൈംഗിക ആരോപണം 1996 ജനുവരിയിലെ സൂര്യനെല്ലി കേസ് ആണ് . ഇടുക്കി നല്ലതണ്ണി സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയെ കാണാതാവുന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് സൂര്യനെല്ലി കേസ് എന്ന പേരിൽ അറിയപ്പെടുന്നത്.
കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരെയും പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിരുന്നു . ഒരു പത്രത്തില്‍ വന്ന കുര്യന്റെ ഫോട്ടോ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്തോടെയാണിത്. എന്നാല്‍ പിന്നീട് കുര്യനെ കോടതി വെറുതെ വിട്ടു.1996ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവിക്കും ഈ കേസ് ഒരു കാരണമായിട്ടുണ്ട്.
തുടർന്ന് വന്ന നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ രാജി വെക്കേണ്ടി വന്നത് രണ്ട് ഉദ്യോഗസ്ഥമാർ അദ്ദേഹം അവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപിച്ചതിനെ തുടർന്നാണ്.
1999ല്‍ ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥയും 2000ല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുമാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.
2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന് 2006ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായത് മറ്റൊരു ലൈംഗിക പീഡന കേസാണ്. 1997ല്‍ കോഴിക്കോട് ബീച്ചിലെ ഒരു ഐസ്‌ക്രീം പാര്‍ലറിൽ പെണ്‍വാണിഭത്തിനു ഇരയായ പെണ്‍കുട്ടി 2004 -05 കാലഘട്ടത്തിൽ നേരിട്ട് ചാനലുകളില്‍ വന്ന് പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു. കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയായിരുന്നു.
കെ കരുണാകരന് 1995 ൽ മുഖ്യ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന ഐ എസ് ആർ ഓ ചാര കേസിലും സ്ത്രീ സാന്നിധ്യം ഉണ്ട്. തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. എന്നാൽ റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നിൽ എന്ന് വിശ്വസിക്കപ്പെടുന്നു.
1995 മാര്‍ച്ച് 16ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ രാജിയ്ക്ക് വരെ ഈ കേസ് വഴി വെച്ചു.
ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ ഇത്തരം ആരോപണം 1962 ലെ പീച്ചി സംഭവമാണ് 1962 സെപ്തംബര്‍ 25ന് പീച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പി ടി ചാക്കോയുടെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു. കാറിൽ നാട്ടുകാര്‍ പൊട്ടുകുത്തിയ ഒരു സ്ത്രീയെ കണ്ടതാണ് വിവാദമായത്.ചാക്കോയുടെ രാജി ആവശ്യപ്പെട്ട് മാടായി എംഎല്‍എ പ്രഹ്ലാദന്‍ ഗോപാലന്‍ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരം ആരംഭിച്ചു.
തുടർന്ന് 1963 ഫെബ്രുവരി 16ന് ചാക്കോയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു.
എന്നാല്‍ കേസില്‍ ചാക്കോ നിരപരാധിയാണെന്നാണ് കോടതി വിധിച്ചു . തുടര്‍ന്നു നടന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ കെ സി എബ്രഹാമിനോട് തോറ്റു. ഓഗസ്റ്റ് ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് പിടി ചാക്കോ മരണമടഞ്ഞു.ചാക്കോയുടെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളെത്തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ജനിച്ചത്.
ഭരണ സിരാ കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയ ആദ്യത്തെ ആരോപണം അതിനും എത്രയോ മുൻപ് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ നടന്ന കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരമാണ്. അത് കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായി.1905 ജനുവരി 2-നു ആണ് സ്മാർത്ത വിചാരത്തിനുള്ള രാജകൽപ്പന ഉണ്ടായത്.
1905 ജൂലൈ 13-നു ആണ് ഭ്രഷ്ട് കൽപ്പനയുണ്ടായത്.താത്രിക്കുട്ടിയും ദോഷം ചെയ്തതായി ആരോപിക്കപ്പെട്ട 65 പുരുഷന്മാരും ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് പുറത്താക്കപ്പെടുകയും ചെയ്തു.സ്മാർത്തവിചാരത്തിന്റെ ഒരു ഘട്ടത്തിൽ താത്രി സ്മാർത്തന്റെയോ, രാജാവിന്റെ തന്നെയോ പേര് പറയും എന്ന് കരുതി, സ്മാർത്തൻ കൂടുതൽ പേരുകൾ പറയുന്നത് വിലക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.