ദുബായ് അൽ സഫ മെട്രോ സ്റ്റേഷൻ ഇനി ഓൺപാസീവ് മെട്രോ സ്റ്റേഷൻ

 

അൽ സഫ മെട്രോ സ്റ്റേഷന്‍റെ പേരിടൽ അവകാശം ഒരു ടെക് കമ്പനിക്ക് നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സ്ഥിതി ചെയ്യുന്ന അൽ സഫ മെട്രോ സ്റ്റേഷനെ ഓൺപാസീവ് മെട്രോ സ്റ്റേഷനായി പുനർനാമകരണം ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു. ഒരു ആഗോള എഐ ടെക്നോളജി കമ്പനിയാണ് ഓൺപാസീവ്. റീബ്രാൻഡിങ് 10 വർഷത്തേക്ക് തുടരും.

2020 നവംബറിലാണ് മെട്രോ സ്റ്റേഷന്‍റെ പേര് നൂർ ബാങ്ക് എന്നതിൽ നിന്ന് അൽ സഫ എന്നാക്കി മാറ്റിയത്. അന്ന് അൽ ഫാഹിദി – ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ എന്നും ഫസ്റ്റ് അബുദാബി ബാങ്ക് – ഉമ്മുൽ ഷീഫിൽ എന്നും, നൂർ ബാങ്ക് – അൽ സഫ എന്നും, ഡമാക് – ദുബായ് മറീന എന്നും നഖീൽ -അൽ ഖൈൽ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകൾ പുനർനാമകരണം ചെയ്തിരുന്നു. പേരിടൽ അവകാശ പുനർനിർമ്മാണ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.