കാലിഫോർണിയ വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

 
PPP

കാലിഫോർണിയ മോണ്ടെറി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ നടന്ന വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് മോണ്ടെറി പാർക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ടോറൻസിൽ പാർക്ക് ചെയ്തിരുന്ന ഒരു വെള്ള വാൻ പോലീസ് പരിശോധിക്കുകയും അക്രമിയെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പോലീസിനെ കണ്ടതോടെ ഇയാൾ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. വെടിവെപ്പിൽ 10 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ലൂയിസിയാന സംസ്ഥാനത്തെ ബാറ്റൺ റൂഷ് പട്ടണത്തിലെ ഒരു നിശാക്ലബ്ബിൽ ശനിയാഴ്ച നടന്ന മറ്റൊരു വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. 

ലോസ് ഏഞ്ചൽസിന്‍റെ കിഴക്കൻ നഗരമായ മോണ്ടെറി പാർക്കിൽ ശനിയാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. അക്രമത്തിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.22 ഓടെയാണ് വെടിവെപ്പുണ്ടായത്. ചൈനയുടെ ഉടമസ്ഥതയിലുള്ള ബോൾറൂം ഡാൻസ് സ്റ്റുഡിയോയിൽ ചാന്ദ്ര പുതുവത്സരാഘോഷത്തിനിടെയാണ് സംഭവം. 

ഏഷ്യൻ പൗരനായ ഹുയു കാൻ ട്രാൻ (72) ആണ് ആക്രമണം നടത്തിയത്. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ഇയാൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചതിനു ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും അഞ്ച് പേർ പുരുഷൻമാരുമാണ്. മരിച്ചവരുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ 10 പേരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.