സുഡാനിൽ വെടിനിർത്തൽ; പെരുന്നാൾ പ്രമാണിച്ച് 72 മണിക്കൂർ വെടിനിർത്തി അർധസൈനിക വിഭാഗം

 
war
സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. ഈദ് കണക്കിലെടുത്താണ് തീരുമാനം. യുഎൻ, യുഎസും മറ്റ് രാജ്യങ്ങളും ഈദുൽ ഫിത്വർ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തിയിരുന്നു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു. അതേസമയം സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു. സുഡാനിൽ നേരത്തെ രണ്ട് തവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല.ആർഎസ്എഫുമായുള്ള ചർച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവൻ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ നേരത്തെ തള്ളുകയും ചെയ്തിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വെടിനിർത്തലിന് അഭ്യർത്ഥിച്ചു. യുദ്ധത്തിൽ നിന്ന് വിശ്രമം നൽകുന്നതിനും സ്ഥിരമായ വെടിനിർത്തലിന് വഴിയൊരുക്കുന്നതിനുമുള്ള ആദ്യപടിയായിരിക്കണം ഈ വെടിനിർത്തലെന്ന് ഗുട്ടെറസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ വളരെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.