മരിയുപോളിൽ സന്ദർശനം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ

 
russ

യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോൾ സന്ദർശിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പിടിച്ചെടുത്തതിന്‍റെ ഒമ്പതാം വാർഷികം ആഘോഷിക്കാൻ ക്രിമിയയിലെത്തിയ പുടിൻ അപ്രതീക്ഷിതമായി മരിയുപോൾ സന്ദർശിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ എത്തിയ റഷ്യൻ പ്രസിഡന്‍റ് കാറിൽ മരിയു പോൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. പ്രദേശവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

മരിയു പോളിന്‍റെ തെരുവുകളിലൂടെ പുടിൻ സ്വയം വാഹനമോടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ ഉപപ്രധാനമന്ത്രി മാറാത് ഖുസ്നുള്ളിനെയും വീഡിയോയിൽ കാണാം. ശനിയാഴ്ചയായിരുന്നു സന്ദർശനമെന്ന് റഷ്യ അറിയിച്ചു.

പിടിച്ചെടുത്ത പ്രദേശങ്ങളിലേക്കുള്ള പുടിന്‍റെ ആദ്യ സന്ദർശനമാണിതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 10 മാസമായി മരിയു പോൾ റഷ്യയുടെ കൈവശമാണ്. മരിയുപോളിന് കിഴക്കുള്ള റഷ്യൻ നഗരമായ റോസ്തോവ് ഓൺ ഡോണിലെ ഉന്നത സൈനിക കമാൻഡർമാരുമായും പുടിൻ കൂടിക്കാഴ്ച നടത്തി.