പാക്കിസ്താനിൽ ചാവേർ ആക്രമണം
ബൈക്ക് പൊലീസ് ട്രക്കിലേക്ക് ഇടിച്ച് കയറ്റി, 9 പേർ കൊല്ലപ്പെട്ടു
Mon, 6 Mar 2023

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പത് പോലീസുകാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേർ സംഘം പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ കിഴക്ക് സൈബി നഗരത്തിലാണ് ആക്രമണം നടന്നതെന്ന് വക്താവ് മെഹ്മൂദ് ഖാൻ പറഞ്ഞു.
സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പോലീസിന് നേരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. ബലൂചിസ്ഥാനിലെ സമ്പന്നമായ വാതക, ധാതു സമ്പത്ത് ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ സർക്കാരിനെതിരെ പോരാട്ടം നടത്തുകയാണ്.